lakshya

ഗവേഷക വിദ്യാർത്ഥിയായി പാർവതി; ശ്രദ്ധനേടി ‘വർത്തമാനം’ ടീസർ

January 22, 2021
Sidhartha Siva Parvathy Thiruvothu film Varthamanam Official Teaser

പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വർത്തമാനം. ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ ഫൈസാ സൂഫിയ എന്ന കഥാപാത്രമായാണ് പാർവതി വേഷമിടുന്നത്. സമകാലിക ഇന്ത്യൻ സമൂഹത്തിൽ നേരിടേണ്ടിവരുന്ന രാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതേസമയം നേരത്തെ ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദർശനാനുമതി നല്‍കിയത്.

ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഡൽഹി സർവ്വകലാശാലയിലേക്ക് ഉപരിപഠനത്തിന് പോകുന്ന പെൺകുട്ടിയുടെ വേഷത്തിലാണ് പാർവതി എത്തുന്നത്. ഗവേഷക വിദ്യാർത്ഥി ആയാണ് ചിത്രത്തിൽ പാർവതി എത്തുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് വർത്തമാനം നിർമിക്കുന്നത്.

Read also:മാനസികാരോഗ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസുതുറന്ന് ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര

അതേസമയം സഖാവ് എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചത്രമാണ് വർത്തമാനം. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സഖാവിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

Story Highlights:Sidhartha Siva Parvathy Thiruvothu film Varthamanam Official Teaser