പാർവതി തിരുവോത്തും റോഷനും ഒന്നിക്കുന്നു; റിലീസിനൊരുങ്ങി വർത്തമാനം

January 31, 2021
Varthamanam

പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വർത്തമാനം. ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫെബ്രുവരി 19 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിൽ ഫൈസാ സൂഫിയ എന്ന കഥാപാത്രമായാണ് പാർവതി വേഷമിടുന്നത്. സമകാലിക ഇന്ത്യൻ സമൂഹത്തിൽ നേരിടേണ്ടിവരുന്ന രാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതേസമയം നേരത്തെ ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദർശനാനുമതി നല്‍കിയത്.

ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഡൽഹി സർവ്വകലാശാലയിലേക്ക് ഉപരിപഠനത്തിന് പോകുന്ന പെൺകുട്ടിയുടെ വേഷത്തിലാണ് പാർവതി എത്തുന്നത്. ഗവേഷക വിദ്യാർത്ഥി ആയാണ് ചിത്രത്തിൽ പാർവതി എത്തുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് വർത്തമാനം നിർമിക്കുന്നത്.

Read also:ഗ്രാമത്തിലൊരു റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ച ചോൻജോർ; പത്മശ്രീ നിറവിൽ 79-കാരൻ

അതേസമയം സഖാവ് എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചത്രമാണ് വർത്തമാനം. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സഖാവിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

Story Highlights:Sidhartha Siva Parvathy Thiruvothu Varthamanam release date declared