‘സാഗരങ്ങളെ പാടിയുണര്‍ത്തി…’ ശ്രീകുമാറിന്റെ പിറന്നാള്‍ ആശംസ
വര്‍ണ്ണനകള്‍ക്കും അതീതമായ ചിലതുണ്ട്. അത്തരത്തില്‍ ഒന്നാണ് കെ ജെ യേശുദാസ് എന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദമാധുര്യം. ആസ്വാദക ഹൃദയത്തില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നുവാന്‍ ഈ മഹാഗായകന്റെ ആലാപനത്തിന് സാധിക്കുന്നു…. കഴിഞ്ഞ ദിവസമായിരുന്നു (ജനുവരി 10) യേശുദാസിന്റെ പിറന്നാള്‍. നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
ടെലിവിഷന്‍ സ്‌ക്രീനിലൂടെ മലയാളികളുടെ മനം കവര്‍ന്ന എസ് പി ശ്രീകുമാര്‍ മനോഹരമായ പാട്ടിലൂടെയാണ് യേശുദാസിന് പിറന്നാള്‍ ആശംസിച്ചത്. ശ്രീകുമാറിന്റെ പാട്ടുവീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗാനഗന്ധര്‍വ്വന്‍ പാടി അനശ്വരമാക്കിയ സാഗരങ്ങളെ പാടി… എന്ന ഗാനമാണ് ശ്രീകുമാര്‍ ആലപിച്ചത്. മുമ്പ് പലതവണ പാട്ടുവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള താരത്തിന്റെ ആലാപനമികവിനെ പ്രശംസിക്കുന്നവരും ഏറെയാണ്.
1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയിലായിരുന്നു യേശുദാസിന്റെ ജനനം. വിവിധ ഭാരതീയ ഭാഷകളില്‍ സംഗീതമാലപിച്ച് രാജ്യ നെറുകയില്‍ സ്ഥാനമുറപ്പിച്ച ഗായകനാണ് ഇദ്ദേഹം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും ഭാര്യ എലിസബത്തിന്റെയും മകനായി പിറന്ന യേശുദാസ് ബാല്യകാലം മുതല്‍ക്കേ സംഗീതത്തെ സ്നേഹിച്ചു. അച്ഛന്‍ പഠിപ്പിച്ച ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒമ്പതാം വയസ്സില്‍ യേശുദാസ് ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമിയിലും തൃപ്പൂണിത്തുറ ആര്‍ എല്‍ സംഗീത കോളജിലും സംഗീതവിദ്യാഭ്യാസം നടത്തി. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു.
1961 നവംബര്‍ 14-നാണ് യേശുദാസ് സിനിമയ്ക്കായി ആദ്യ ഗാനം ആലപിച്ചത്. കെ എസ് ആന്റണി സംവിധാനം നിര്‍വഹിച്ച കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഈ ഗാനം. അങ്ങനെ ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനം ആലപിച്ചുകൊണ്ട് അതുല്യ ഗായകന്‍ ചലച്ചിത്ര സംഗീതലോകത്തേയ്ക്ക് ചുവടുവെച്ചു. തുടര്‍ന്ന് എത്രയെത്ര സുന്ദര ഗാനങ്ങള്‍ ആ ശബ്ദമാധുരിയിലൂടെ മലയാള മനസ്സുകള്‍ കേട്ടു…!
മികച്ച പിന്നണി ഗായകനുള്ള ദേശീയപുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടിയതും കെ ജെ യേശുദാസ് ആണ്. എഴ് തവണയാണ് ദേശീയ പുരസ്‌കാരം ഇദ്ദേഹത്തെ തേടിയെത്തിയത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും യേശുദാസ് നേടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ തുടങ്ങിയ ബഹുമതികളും ഗാനഗന്ധര്‍വ്വനെ തേടിയെത്തി.
Story highlights: SP Sreekumar Sing song to wish K J Yesudas