മോഹന്‍ലാല്‍ നെയ്യാറ്റിന്‍കര ഗോപന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി: ‘ആറാട്ട്’ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

February 12, 2021
B Unnikrishnan abou Aarattu shooting

മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും.

ചിത്രത്തിലെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്ര ആസ്വാദകരുടെ ശ്രദ്ധ നേടാറുണ്ട്. ചിത്രത്തിലെ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അഭിനയിച്ചു തീര്‍ത്തു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ നിറഞ്ഞ ചിത്രീകരണ സമയത്തും മോഹന്‍ലാലിന്റെ ഇടപെടല്‍ കാര്യങ്ങള്‍ എളുപ്പമാക്കി എന്നും സംവിധായകന്‍ കൂറിച്ചു.

ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.

Read more: പുതിയ ചിത്രത്തിലെ പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് ഭാവന

അതേസമയം മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഒരു ആകര്‍ഷണമാണ്. 2255 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന താരത്തിന്റെ മാസ് ഡയലോഗിനേയും ഈ നമ്പര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

Story highlights: B Unnikrishnan abou Aarattu shooting