50 കിലോ കുറച്ച് 50-ാം വയസ്സില്‍ മോഡലായി; സിനിമയിലും അഭിനയിച്ചു ഫാഷന്‍ ലോകത്തെ ഈ മിന്നും താരം

Dinesh Mohan began modelling when he was in his 50s

പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ…. ചില ജീവിതങ്ങളെ അടുത്തറിയുമ്പോള്‍ പലരും പറയുന്ന ഡയലോഗ് ആണിത്. ശരിയാണ്… പ്രായത്തെ വെല്ലാറുണ്ട് ചില ജീവിതങ്ങള്‍. ഇത്തരക്കാര്‍ നമുക്ക് നല്‍കുന്ന പ്രചോദനവും ചെറുതല്ല. ഫാഷന്‍ ലോകത്ത് ശ്രദ്ധേയനായ ദിനേശ് മോഹന്‍ എന്ന വ്യക്തിയുടെ ജീവിതം അടുത്തറിയുമ്പോഴും നാം അറിയതാ പറഞ്ഞു പോകും പ്രായമൊക്കെ വെറും നമ്പറാണെന്ന്.

മോഡലിങ്ങിന് പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് സ്വജീവിതംകൊണ്ടുതന്നെ തെളിയിച്ചിരിയ്ക്കുകയാണ് ദിനേശ് മോഹന്‍. 62 വയസ്സുണ്ട് ദിനേശ് മോഹന്. ചെറുപ്പകാലം മുതല്‍ക്കേ ഫാഷന്‍ ലോകത്ത് എത്തിയ വ്യക്തിയൊന്നുമല്ല ഇദ്ദേഹം. മറിച്ച് തന്റെ അമ്പതാം വയസ്സിലാണ് മോഡലിങ് രംഗത്തേയ്ക്ക് ദിനേശ് മോഹന്‍ ചുവടുവയ്ക്കുന്നത്. ആ ചുവടുവയ്പ്പ് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിയ്ക്കുന്ന ഒന്നായിരുന്നു.

ഫാഷന്‍ ഒരു പാഷനൊന്നും ആയിരുന്നില്ല അമ്പത് വയസ്സിനു മുമ്പു വരെ ദിനേശ് മോഹന്. എന്നാല്‍ 44-ാം വയസ്സില്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിയ്ക്കുന്ന ഒരു സംഭവമുണ്ടായി. അതില്‍പിന്നെ അധികമാരോടും സംസാരിക്കാതെ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. ആ വലിയ നഷ്ടത്തെയോര്‍ത്ത് ഒരു വര്‍ഷത്തോളം കിടപ്പിലായിരുന്നു ദിനേശ് മോഹന്‍. സഹോദരിയും ഭര്‍ത്താവുമാണ് അന്ന് അദ്ദേഹത്തെ നോക്കിയത്. ജോലി ഒന്നും ചെയ്യാതെ ഭക്ഷണം മാത്രം കഴിച്ചുകൊണ്ട് ദിനേശ് മോഹന്‍ ഓരോ ദിവസവും ചെലവഴിച്ചു. ദിവസങ്ങള്‍ കടന്നുപോകുംതോറും അദ്ദേഹത്തിന്റെ ശരീരഭാരവും വര്‍ധിച്ചുവന്നു.

Read more: 92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’

എഴുന്നേറ്റ് നില്‍ക്കാനും നടക്കാനുമെല്ലാം അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. 130 കിലോയായിരുന്നു ആ സമയത്ത് ദിനേശ് മോഹന്റെ ശരീരഭാരം. അങ്ങനെയിരിയ്‌ക്കെ ഒരുദിവസം കുടുബത്തിലുള്ള മറ്റ് അംഗങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചു. ഇങ്ങനെ കിടന്നാല്‍ ഒരുപക്ഷെ മരിച്ചുപോകുമെന്ന് പോലും അവര്‍ പറഞ്ഞു. ആ വാക്കുകള്‍ ചെന്നുപതിച്ചത് ദിനേശ് മോഹന്റെ ഹൃദയത്തിലാണ്.

അങ്ങനെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിലുണ്ടായി. ഡയറ്റീഷ്യന്റെ സഹായത്താല്‍ കൃത്യമായ ഡയറ്റ് ക്രമീകരിക്കുകയും വ്യായമം ശീലമാക്കുകയും ചെയ്തു. 50 കിലോയോളം ശരീരഭാരവും കുറച്ചു. ഇതിനിടെ പല ജോലികള്‍ക്കായും ശ്രമിച്ചു. എന്നാല്‍ ഒരു ദിവസം യാദൃശ്ചീകമായാണ് ഫാഷന്‍ മാഗസീനില്‍ ജോലിയുള്ള അയല്‍വാസി ദിനേശ് മോഹനെ കണ്ടത്. അങ്ങനെ ഫോട്ടോകള്‍ മാഗസീനില്‍ വന്നു. പിന്നീട് മോഡലിങ് ഏജന്‍സികള്‍ ദിനേശ് മോഹനെ സമീപിച്ചുതുടങ്ങി. അതുവരേയും മോഡലിങ്ങിനെക്കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലായിരുന്നുവെങ്കിലും തന്റെ അമ്പതാം വയസ്സില്‍ ദിനേശ് മോഹന്‍ മോഡലിങ്ങിലേയ്ക്ക് പ്രവേശിച്ചു.

ഫാഷന്‍ ലോകത്ത് തിരക്കുള്ള താരമാണ് ഇന്ന് ദിനേശ് മോഹന്‍. സല്‍മാന്‍ ഖാന്‍, രജനികാന്ത് എന്നിവര്‍ക്കൊപ്പം ചില സിനിമകളിലും അഭിനയിച്ചു. സ്വജീവിതംകൊണ്ട് അനേകര്‍ക്ക് പ്രചോദനമാവുകയാണ് അദ്ദേഹം….

Story highlights: Dinesh Mohan began modelling when he was in his 50s