lakshya

‘സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ ഏതറ്റംവരെ പോകും?’; വീണ്ടും വിലങ്ങണിഞ്ഞ് ജോർജുകുട്ടി- ദൃശ്യം 2 വീഡിയോ

February 9, 2021

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം 2 ഫെബ്രുവരി 19 മുതൽ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇപ്പോഴിതാ, മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആമസോൺ പ്രൈം.

ആദ്യഭാഗത്തെ സംഭവങ്ങൾ വിലങ്ങണിഞ്ഞ കൈകളോടെയിരുന്ന് ജോർജുകുട്ടി പറയുകയാണ്. രണ്ടര മിനിറ്റിൽ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിൽ നടന്ന സംഭവങ്ങളാണ് റീകാപ്പ് വീഡിയോയിലൂടെ മോഹൻലാൽ ചുരുക്കി പറയുന്നത്. തുടങ്ങുന്നത് തന്നെ ‘സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ ഏതറ്റംവരെ പോകും?’ എന്ന ചോദ്യത്തോടെയാണ്. മാത്രമല്ല, എന്തായിരിക്കും രണ്ടാം ഭാഗത്തിൽ സംഭവിക്കുക എന്ന പ്രേക്ഷകരുടെ ഊഹങ്ങൾ പങ്കുവയ്ക്കാൻ അവസരവും ഒരുക്കിയിട്ടുണ്ട്. കുടുംബത്തെ രക്ഷിക്കാൻ ജോർജുകുട്ടി ഏതറ്റം വരെ പോകും എന്ന് #GEORGEKUTTYISBACK എന്ന ഹാഷ്ടാഗിനൊപ്പം പ്രേക്ഷകർക്ക് പങ്കുവയ്ക്കാം.

Read More: നായകനായി മമ്മൂട്ടി; സ്വപ്ന സാക്ഷാത്കാര നിറവിൽ മുരളി ഗോപിയും വിജയ് ബാബുവും

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. അതേസമയം, കൊവിഡ് പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ദൃശ്യം 2 അടുത്തിടെയാണ് പൂർത്തിയാക്കിയത്. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്. 56 ദിവസങ്ങളായിരുന്നു ചിത്രീകരണത്തിനായി നിശ്ചയിച്ചതെങ്കിലും 46 ദിവസംകൊണ്ട് ദൃശ്യം 2 പൂർത്തിയാക്കാൻ സാധിച്ചു. ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടന്നത്.

Story Highlights- drishyam 2 recap video