ഇത് അയേഷ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്

February 4, 2021
India's youngest female pilot Ayesha Aziz speaking

അയേഷ വെറുമൊരു പേരല്ല. ആത്മവിശ്വാസത്തിന്റേയും ഉള്‍ക്കരുത്തിന്റേയുമെല്ലാം പ്രതീകമാണ്. അതിനുമപ്പുറം പല വനിതകള്‍ക്കുമുള്ള പ്രതീക്ഷയും പ്രചോദനവുമാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണ് അയേഷ അസീസ്. ഇരുപത്തിയഞ്ച് വയസ്സാണ് ഈ കാശ്മീരി പെണ്‍കുട്ടിയുടെ പ്രായം.

പതിനഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ ലൈസന്‍സ് ലഭിയ്ക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥി പൈലറ്റ് എന്ന നേട്ടത്തിലെത്തിയിരുന്നു അയേഷ. 2011-ലായിരുന്നു ഈ നേട്ടം. തൊട്ടടുത്ത വര്‍ഷം റഷ്യയിലെ സോകോള്‍ എയര്‍ബേസില്‍ നിന്നും മിഗ് 29 വിമാനം പറത്തുന്നതിനുള്ള പരിശീലനവും പൂര്‍ത്തിയാക്കി. പിന്നീട് ബോംബെ ഫ്‌ളൈയിങ് ക്ലബ്ബില്‍ നിന്നും ഏവിയേഷനില്‍ ബിരുദം നേടി. 2017-ലാണ് വിമാനം പറത്തുന്നതിനുള്ള കൊമേഷ്യല്‍ ലൈസന്‍സ് അയേഷ സ്വന്തമാക്കുന്നത്.

Read more: അഭിനയത്തില്‍ മാത്രമല്ല പാട്ടിലും സൂപ്പറാണ് മീന: വീഡിയോ

അല്‍പം വെല്ലുവിളി നിറഞ്ഞ മേഖലയാണെങ്കിലും ഒരു പൈലറ്റായി മാറിയതിന്റെ സന്തോഷം അയേഷയ്ക്കുണ്ട്. ചെറുപ്പം മുതല്‍ക്കേ ധാരാളം യാത്രകള്‍ ചെയ്യാറുണ്ടായിരുന്നു ഈ മിടുക്കി. വിമാനം പറത്തണമെന്നും കുട്ടിക്കാലം മുതല്‍ക്കേ ആഗ്രഹിച്ചിരുന്നു. യാത്രകളോടുള്ള ഇഷ്ടമാണ് പൈലറ്റ് എന്ന സ്വപ്‌നത്തിന് അയേഷയ്ക്ക് കരുത്തായതും.

വിമാനം പറത്തുക എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരാന്‍ മാതാപിതാക്കളും അയേഷയ്ക്ക് ഒപ്പം നിന്നു. ആഗ്രഹങ്ങള്‍ക്കൊപ്പം മികച്ച പിന്തുണയുമായി നിന്ന മാതാപിതാക്കളാണ് തന്റെ ഭാഗ്യമെന്നും അയേഷ പറയുന്നു. പ്രൊഫഷണല്‍ മേഖലയ്ക്ക് ഒപ്പംതന്നെ ഒരു വ്യക്തി എന്ന നിലയിലും ഉയരങ്ങള്‍ ഇനിയും കീഴടക്കണമെന്നാണ് അയേഷയുടെ ആഗ്രഹം.

Story highlights: India’s youngest female pilot Ayesha Aziz speaking