അന്ന് സത്യന്‍ അന്തിക്കാട് പടഞ്ഞു; ഇതൊന്നുമല്ല ജിയോ സിനിമയ്ക്ക് വേണ്ടത്: വര്‍ഷങ്ങള്‍ക്കിപ്പുറം മഹത്തായ ഭാരതീയ അടുക്കള കണ്ട് ഒരു ഒന്നൊന്നര ഇന്‍കമിങ് വിളിയും

February 4, 2021
Jeo Baby about Sathyan Anthikad

പ്രശംസകളും വിമര്‍ശനങ്ങളും ഏറ്റവാങ്ങി ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി. നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സംവിധായകന്‍ ജിയോ ബേബിയെ അഭിനന്ദിച്ച് സത്യന്‍ അന്തിക്കാടും രംഗത്തെത്തി. മനോഹരമായ ഒരു ഓര്‍മ്മക്കുറിപ്പിനൊപ്പമാണ് സത്യന്‍ അന്തിക്കാടിന്റെ അഭിനന്ദനത്തെക്കുറിച്ച് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

കുറിപ്പ് ഇങ്ങനെ

2003 ല്‍ B.com കഴിഞ്ഞിരിക്കുന്ന സമയം.. രണ്ടു പേപ്പര്‍ സപ്ലി ഒക്കെ കിട്ടിയിട്ടും ഉണ്ട്. സിനിമ മാത്രം ആണ് മനസില്‍. കഥ പറയണം ഏതേലും സവിധായകനോട്, തിരക്കഥകൃതായി തുടങ്ങി അതുവഴി ഉടനെ തന്നെ സംവിധാനത്തിലേക്ക് എത്തണം അതാണ് പ്ലാന്‍. ആരോട് കഥ പറയും ഏറ്റവും ടോപ്പീന്ന് തുടങ്ങാം എന്നു വെച്ചു. അങ്ങനെ ആദ്യം വിളിച്ചത് ഏറെ ബഹുമാനിക്കുന്ന സത്യന്‍ അന്തിക്കാട് സാറിനെ. ഫോണില്‍ സംസാരിച്ചതും കാണാന്‍ ഒരു സമയം അദ്ദേഹം തന്നതും ഒക്കെ ഒരു അത്ഭുതം ആയിരുന്നു. നേരെ അന്തിക്കാട്ടേക്ക്… കഥ പറഞ്ഞു… ഇതൊന്നും അല്ല ജിയോ സിനിമക്ക് വേണ്ടത് എന്നു അദ്ദേഹം പറഞ്ഞു..

അതു സത്യം ആണെന്ന് വൈകി എനിക്ക് മനസിലാവുകയും ചെയ്തു. എഴുത്തു തുടരണം എന്നു ഉപദേശിച്ചു… കഥകളും ആയി ഇനിയും കാണാം എന്നു പറഞ്ഞു.. നിര്‍മാതാവ് സിയാദ് കോക്കറിന്റെ ഫോണ്‍ നമ്പര്‍ തന്നു.. അദ്ദേഹത്തോടും കഥകള്‍ പറഞ്ഞു നോക്കൂ എന്നും പറഞ്ഞു… നിരാശയോടെ അല്ല മടങ്ങിയത്… കാരണം സത്യന്‍ സാറിനെ കണ്ടത് സംസാരിച്ചത് എന്തിന് അന്തിക്കാട് ഗ്രാമത്തില്‍ കാല്‍ കുത്തിയത് പോലും എനിക്കന്ന് അത്ഭുതം ആണ്.

അന്നും പിന്നീടും ഇത്ര ഈസി ആയി എനിക്ക് ഒരു സിനിമാക്കാരനെ നേരിട്ട് കാണാന്‍ പറ്റിയിട്ടില്ല.. പിന്നീട് മറിമായം എഴുതുന്നുണ്ട് കാണണം എന്ന് മെസ്സേജ് അയക്കുമ്പോള്‍ കാണുന്നുണ്ട് കൊള്ളാം എന്നൊക്കെയുള്ള മെസ്സേജുകള്‍ വന്നിരുന്നു… അതൊക്കെ തന്നെ ധാരാളം എന്നു കരുതി ഇരിക്കുന്ന എനിക്ക് അത്ഭുതം ആയി ഇതാ അദ്ദേഹം…മഹത്തായ ഭാരതീയ അടുക്കള കണ്ട് ഒരു ഒന്നൊന്നര ഇന്‍കമിങ് വിളി…

Story highlights: Jeo Baby about Sathyan Anthikad