സ്‌ത്രീകളുടെ കൈയിൽ ഭദ്രമാണ് ഈ നഗരം; കൗതുകം നിറഞ്ഞ ആചാരങ്ങളുമായി കിനു ദ്വീപ്

February 4, 2021
Kihnu Island

‘എത്ര മനോഹരമായ ആചാരങ്ങൾ…’ പല നാടുകളിലേയും ആചാരങ്ങളെ നോക്കി ഇങ്ങനെ നാം പറയാറില്ലേ.. അത്തരത്തിൽ നിരവധി കൗതുകം നിറഞ്ഞ ആചാരങ്ങൾ ഉള്ള ഒരു ദ്വീപാണ് കിനു ദ്വീപ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയതാണ് കിനു സംസ്കാരം. മാനവരാശിക്ക് മുന്നിലുള്ള ഏറ്റവും മികച്ച പൈതൃക മാതൃക എന്നാണ് യുനെസ്‌കോ ഇവിടുത്തെ ജനതയെയും അവരുടെ സംസ്കാരത്തേയും വിശേഷിപ്പിച്ചത്.

കിനു ദ്വീപിൽ എവിടെ നോക്കിയാലും സ്‌ത്രീകളെയാണ് കാണാൻ കഴിയുക. പ്രത്യേകിച്ച് പൊതു ഇടങ്ങളിലും കൃഷി ഇടങ്ങളിലുമൊക്കെ സ്ത്രീകളായിരിക്കും കാര്യങ്ങൾ നിയന്ത്രിക്കുക. ഇതിനർത്ഥം പുരുഷന്മാർ ഈ ഗ്രാമത്തിൽ ഇല്ല എന്നല്ല, മറിച്ച് പുരുഷന്മാരേക്കാൾ മുൻഗണന സ്‌ത്രീകൾക്കാണ് എന്നാണ്. കുട്ടികളെ വളർത്തുക, വസ്ത്രങ്ങൾ ഉണ്ടാക്കുക, ഫാം നടത്തുക, ട്രാക്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾ നന്നാക്കുക, മൃഗങ്ങളെ പരിപാലിക്കുക, പാടത്ത് ജോലിക്ക് പോകുക തുടങ്ങി എല്ലാ മേഖലകളിലും ഇവിടെ സ്ത്രീകൾക്കാണ് മുൻഗണന.

ഇതിനൊക്കെ പുറമെ ഇവിടുത്തെ സ്ത്രീകളുടെ കൂടിച്ചേരലുകളും ആഘോഷങ്ങളുമാണ് ഏറെ കൗതുകം നിറഞ്ഞത്. ഇവിടുത്തെ സ്‌ത്രീകൾ പരസ്പരം കൈകൾ കോർത്തുവെച്ച് നൃത്തംചെയ്യുന്നത് കാണാൻ നിരവധി ആളുകൾ ഇവിടെ എത്താറുണ്ടത്രേ. അവർ തന്നെ തുന്നിയെടുത്ത പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച്, ഇവർ തന്നെ വരികളും താളവും നൽകി ഒരുക്കിയ പാട്ടിലാണ് ഈ സ്‌ത്രീകൾ നൃത്തം ചെയ്യുക. ഇതിനൊക്കെ പുറമെ ഇവിടുത്തെ സ്ത്രീകൾ പരമ്പരാഗത ശൈലിയിൽ നിരവധി കരകൗശല വസ്തുക്കളും ഉണ്ടാക്കാറുണ്ട്.

Read also:‘പത്തുവയസിൽ ഇത് അത്ഭുതമാണ്’; ദേവനശ്രിയ പാടി തീർക്കും മുൻപ് പൂക്കളുമായി ഓടിയെത്തി ജഡ്ജസ്- അതുല്യ നിമിഷം

ഈ ദ്വീപിലെ സ്‌ത്രീകൾ സ്വന്തമായാണ് അവരുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് ആവശ്യമായ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ തയാറാക്കി വയ്ക്കുന്നത്. ഇവിടുത്തെ സ്‌ത്രീകൾ അവരുടെ അറുപതാമത്തെ വയസിലാണ് സ്വന്തം മരണാനന്തര ചടങ്ങുകൾക്ക് ആവശ്യമായ എല്ലാ തയാറെടുപ്പുകളും നടത്തുന്നത്. മരണത്തിന് ശേഷം ധരിക്കാനുള്ള വസ്ത്രം, ശരീരം മറവ് ചെയ്യുന്നതിനുള്ള കുഴി എന്നിവയെല്ലാം മരണത്തിന് മുൻപേ ഇവർ സ്വന്തമായി ഒരുക്കിവയ്ക്കും. ഒരു സ്‌ത്രീ മരിച്ചുകഴിഞ്ഞാൽ വളരെ വൈകാരികമായാണ് ശവസംസ്‌കാര ചടങ്ങുകൾ നടത്തുക. ഇവിടുത്തെ സ്‌ത്രീകൾ പരസ്‌പരം എത്രമാത്രം അടുപ്പം സൂക്ഷിക്കുന്നവരാണ് എന്ന് സൂചിപ്പിക്കുന്നതാണ് ഈ ചടങ്ങ്.

അതേസമയം ഈ ഗ്രാമത്തിലെ പുരുഷന്മാർ മിക്കപ്പോഴും മത്സ്യബന്ധനത്തിനായി കടലിലേക്കും മറ്റും പോകുന്നവരാണ്. അതിനാൽതന്നെ ഈ ഗ്രാമത്തിലെ സ്‌ത്രീകൾ മാസങ്ങളോളം വീട്ടിൽ തനിയെ കഴിയേണ്ടിവന്നിരുന്നു. അങ്ങനെ ഗ്രാമത്തിന്റെ മുഴുവൻ ചുമതലയും സ്‌ത്രീകളിലേക്ക് വന്നു ചേർന്നതാണ്. എന്തായാലും ഇവിടുത്തെ നിയമവ്യവസ്ഥയും സാമൂഹിക ജീവിതവുമൊക്കെ ഇവരുടെ കൈയിൽ ഭദ്രമാണ്.

Story Highlights: Kihnu Island run by women