പന്ത്രണ്ടാം വയസിൽ കുടുംബഭാരം ചുമലിലേറ്റി, മുടങ്ങിയ പഠനവും പൂർത്തിയാക്കി; പ്രതിസന്ധികൾ തരണം ചെയ്ത സജിയുടെ സിനിമാക്കഥയെ വെല്ലുന്ന ജീവിതം
പുറമെ കാണുമ്പോൾ കരുത്തരെന്ന് തോന്നുന്ന പലരും ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നത് ഒരു വലിയ കടലായിരിക്കും. അവർ നീന്തി കടന്ന, തരണം ചെയ്ത സങ്കടങ്ങളുടെയും പ്രതിസന്ധികളുടെയും കടൽ. പുറം കാഴ്ചയിൽ ശാന്തമെന്നു തോന്നുമെങ്കിലും സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ജീവിതമായിരിക്കും പലരുടേതും. അങ്ങനെയൊന്നാണ് ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വേദിയിലെ മത്സരാർത്ഥി സജിയുടേത്. കുമ്പളങ്ങിയിൽ നിന്നും ഭാര്യ ഷേർജയ്ക്കും അമ്മയ്ക്കും ഒപ്പം മത്സര വേദിയിലേക്ക് എത്തിയ സജി ഇന്ന് വളരെ നല്ല നിലയിലാണ്. എന്നാൽ, പന്ത്രണ്ടാം വയസിൽ കുടുംബഭാരം ചുമലിലേറ്റിയ സജി, അത്രയും ചെറിയ പ്രായത്തിൽ നേരിട്ടത് നിസാര പ്രതിസന്ധികളല്ല.
ഒരു വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലേക്ക് എത്തിയ സജി കണ്ടത് വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെയാണ്. പതിനാലോളം വെട്ടേറ്റ അച്ഛൻ കിടപ്പിലായതോടെ പന്ത്രണ്ടാം വയസിൽ കുടുംബഭാരം സജി ചുമലിലേറ്റി. പാരമ്പര്യമായി ചെയ്തു വന്നിരുന്ന മൽസ്യബന്ധനത്തിനാണ് സജിയും ഇറങ്ങിയത്. അതിനിടെ ജോലിയും പഠനവും താളം തെറ്റി. അങ്ങനെ കുടുംബം നോക്കാൻ സജി എട്ടാം ക്ലാസ്സിൽ പഠനം നിർത്തി. അവിടെ നിന്നും തുടങ്ങിയ യാത്ര പതിനേഴാം വയസിൽ വീണ്ടും തെറ്റി. എല്ലാം നേരെയാക്കി ബിസിനസിലേക്ക് ചുവടുവെച്ചെങ്കിലും അവിടെയും തകർന്നു. അനഗ്നെ പതിനേഴാം വയസിൽ വീണ്ടും 27 ലക്ഷം രൂപ കടക്കാരനായി മാറി സജി. പിന്നെയും മടുക്കാതെ നിശ്ചയദാർഢ്യത്തോടെ തുഴഞ്ഞ സജിക്ക് വെളിച്ചമായത് കലാഭവനിൽ ഡാൻസ് ടീച്ചറായി ജോലി കിട്ടിയതാണ്.
കലാഭവനിൽ വെച്ച് ഡാൻസിനായി പഠിപ്പിച്ചിരുന്ന പാട്ടുകളെല്ലാം ഇംഗ്ലീഷായിരുന്നു. അത് കേട്ടിട്ട് മനസിലാകാതെ പലരോടും അർത്ഥം ചോദിക്കേണ്ട അവസ്ഥ വന്നു. ആ സാഹചര്യത്തിലാണ് വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത സജിക്ക് ബോധ്യമായത്. പലരുടെയും സഹായത്തോടെ പാതി വഴിയിൽ മുടങ്ങിയ പഠനവും ആരംഭിച്ചു. ഇന്ന് കുമ്പളങ്ങിക്കാരുടെ അഭിമാനമായി മാറുകയാണ് സജി ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ വേദിയിലൂടെ.
Story highlights- life story of ingane oru bharyayum bharthavum fame