ഒരുവശത്ത് ഭവാനി; മറുവശത്ത് ജെഡിയും: നിറഞ്ഞാടി താരങ്ങള്‍: മാസ്റ്ററിലെ ശ്രദ്ധേയമായ ഗാനം

February 18, 2021
Master Polakatum Para Para Video

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ആരാധകരെ നേടിയെടുത്ത തമിഴകത്തെ സൂപ്പര്‍ താരങ്ങള്‍ ഒരുമിയ്ക്കുന്ന ചിത്രം… പ്രഖ്യാപനം മുതല്‍ക്കേ മാസ്റ്റര്‍ എന്ന ചിത്രം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. വിജയ്-യും വിജയ് സേതുപതിയും ഒരുമിച്ച് സ്‌ക്രീനിലെത്തുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു ചലച്ചിത്ര പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ കാര്യത്തില്‍. ഇരുവരുടേയും പകര്‍ന്നാട്ടത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

കൊവിഡ് 19 മഹാമാരി മൂലം നാളുകളായി അടഞ്ഞുകിടന്ന തിയേറ്ററുകള്‍ വീണ്ടും സജീവമായതും മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ വരവേടെയാണ്. ശ്രദ്ധ നേടുകയാണ് മാസ്റ്ററിലെ വീഡിയോ ഗാനം. ചിത്രത്തിലെ ‘പൊലക്കെട്ടും പര പര’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിയ്ക്കുന്നത്. വിജയ്-യുടേയും വിജയ് സേതുപതിയുടേയും മാനറിസങ്ങളും നൃത്തവുമൊക്കെയാണ് ഗാനരംഗത്തെ പ്രധാന ആകര്‍ഷണം. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

ജോണ്‍ ദുരൈ എന്ന ജെഡിയെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിയ്ക്കുന്നത്. ഭവാനി എന്ന വില്ലന്‍ കഥാപാത്രത്തെ വിജയ് സേതുപതിയും അവതരിപ്പിയ്ക്കുന്നു. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കുട്ടികളെ പരിശീലിപ്പിക്കാനായി എത്തുന്ന ജെഡിയും പാഠശാലയിലെ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭവാനിയും തമ്മിലുള്ള പോരാട്ടവും ഒടുവില്‍ തിന്മയം ചെറുത്ത് നന്മ കൈവരിക്കുന്ന വിജയവുമൊക്കെയാണ് മാസ്റ്ററിന്റെ കഥാപശ്ചാത്തലം. ഒപ്പം ബന്ധങ്ങളുടെ ആഴവും പ്രണയത്തിന്റെ അലങ്കാരവുമെല്ലാം ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

Read more: ”സെന്റീമീറ്ററല്ലേ, അല്ല മൈക്രോസ്‌കോപ്പ്”: ചിരിയും പ്രണയവും നിറച്ച് യുവം സിനിമയിലെ രംഗം

കഥാപാത്രങ്ങളുടെ അഭിനയമികവുതന്നെയാണ് ചിത്രത്തില്‍ എടുത്തുപറയേണ്ട സവിശേഷതകളില്‍ ഒന്ന്. രണ്ട് ഗെറ്റപ്പുകളിലെത്തുന്ന വിജയ്-യുടെ ഭാവപ്രകടനങ്ങളെല്ലാം ഏറെ ഗംഭീരം. പ്രത്യേകിച്ച് കഥപറഞ്ഞിരിക്കുന്ന മാസ്റ്റര്‍. കോളജുകളിലെ എല്ലാ സീനുകളും വിജയ് മനോഹരമാക്കി. ഇനി വിജയ് സേതുപതിയുടെ ഭവാനി എന്ന കഥാപാത്രത്തെക്കുറിച്ച്. ഭവാനിയുടെ ഒരു അലര്‍ച്ച പോലും പ്രേക്ഷകരുടെ കാതുകളില്‍ ഒരുപക്ഷെ ചിത്രം കണ്ടിറങ്ങിക്കഴിയുമ്പോഴും അലയടിച്ചേക്കാം. അത്രമേല്‍ തീവ്രമാക്കിയിട്ടുണ്ട് വിജയ് സേതുപതി തന്റെ കഥാപാത്രത്തെ. വില്ലത്തരങ്ങളുടെ എല്ലാം വില്ലനായി സേതുപതി എത്തുമ്പോള്‍ ആ പ്രകടനവും കൈയടി നേടുന്നു.

Story highlights: Master Polakatum Para Para Video