അച്ഛന്മാർക്കൊപ്പം വേഷമിട്ട് താരപുത്രന്മാർ- അൽഫോൺസ് പുത്രൻ ഒരുക്കുന്ന മ്യൂസിക്കൽ വീഡിയോ വരുന്നു

February 22, 2021

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാട്ട്. പേരുപോലെ തന്നെ സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിനായി പാട്ടിനെക്കുറിച്ച് കൂടുതൽ പഠിക്കുകയാണെന്ന് സംവിധായകൻ മുൻപ് പങ്കുവെച്ചിരുന്നു. ഫഹദ് ഫാസിലും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് മുന്നോടിയായി ആദ്യമായി രചന നിർവഹിച്ച മ്യൂസിക്കൽ വീഡിയോ പങ്കുവയ്ക്കാൻ ഒരുങ്ങുകയാണ് അൽഫോൺസ് പുത്രൻ.

‘കഥകൾ ചൊല്ലിടാം’ എന്ന മ്യൂസിക്കൽ വീഡിയോ ഒട്ടേറെ സർപ്രൈസുകൾ നിറഞ്ഞതാണ്. വിനീത് ശ്രീനിവാസനാണ് വരികൾ എഴുതിയിരിക്കുന്നത്. അൽഫോൺസ് പുത്രൻ സംഗീതം പകർന്നിരിക്കുന്നു. വിനീത് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ കുഞ്ചാക്കോ ബോബൻ, വിനയ് ഫോർട്ട്, വിനീത് ശ്രീനിവാസൻ, കൃഷ്ണ ശങ്കർ, ഷറഫുദ്ധീൻ, അവരുടെ കുട്ടികൾ എന്നിവരാണ് വീഡിയോയിലുള്ളത്.

‘ഇത് ഇവിടെ പോസ്റ്റുചെയ്തതിൽ അതിയായ സന്തോഷമുണ്ട്… അൽഫോൻസ് പുത്രൻ സംഗീതസംവിധായകനാകുന്നു, ഇത് ഒരു സംഗീതസംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ഗാനം… ഈ ഗാനം ഞങ്ങളുടെ ഹൃദയത്തിൽ വളരെ സവിശേഷമായ ഒരു സ്ഥാനത്ത് നിന്നാണ് വരുന്നത്’ സംഗീതത്തിന്റെ പോസ്റ്ററിനൊപ്പം വിനീത് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. ഫെബ്രുവരി 22 ന് വൈകുന്നേരമാണ് വീഡിയോ റിലീസ് ചെയ്യുന്നത്.

Read More: ‘ആ ഡാൻസുകാരത്തി.. അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്’- ‘ദൃശ്യം 2’ന്റെ രസകരമായ പ്രതികരണം പങ്കുവെച്ച് ആശ ശരത്ത്

ഗാനം ചിട്ടപ്പെടുത്തിയത് ഹേഷാം അബ്ദുൽ വഹാദ് ആണ്.വിനീത് ശ്രീനിവാസന്റെ വരാനിരിക്കുന്ന ചിത്രമായ ഹൃദയത്തിന്റെ സംഗീത സംവിധായകൻ കൂടിയാണ് ഹേഷാം. അൽഫോൻസിന്റെ ഭാര്യ അലീന എഡിറ്റിംഗ് അസിസ്റ്റന്റ്, പ്രൊഡക്ഷൻ അക്കൗണ്ട് മാനേജർ എന്നീ നിലകളിലാണ് മ്യൂസിക് വീഡിയോയുടെ ഭാഗമായിരിക്കുന്നത്.

Story Highlights- musical video kadhakal chollidam