‘നമുക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്നവരോട് നന്ദി പറയാം..’- വീഡിയോ പങ്കുവെച്ച് ശോഭന

February 3, 2021

മലയാള സിനിമയിലെ അതുല്യ കലാകാരിയാണ് ശോഭന. അഭിനയത്തേക്കാൾ ഉപരി നൃത്തം ജീവവായുവായി കാണുന്ന ശോഭന ലോക്ക് ഡൗൺ കാലത്ത് പങ്കുവെച്ചതെല്ലാം നർത്തന വിശേഷങ്ങളായിരുന്നു. നവരാത്രി സമയത്ത് നൃത്ത സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം നിരവധി ആശയങ്ങൾ ശോഭന പങ്കുവെച്ചു. യാത്ര വിശേഷങ്ങളും നൃത്തവേദികളെക്കുറിച്ചും എന്നും മനസിൽ നിറഞ്ഞു നിൽക്കുന്ന വേഷങ്ങളെക്കുറിച്ചുമെല്ലാം ശോഭന മനസ് തുറന്നു പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ഇപ്പോഴിതാ, പാചകവിശേഷമാണ് ശോഭന പങ്കുവയ്ക്കുന്നത്.

‘വളരെ സാധാരണമായ ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണെങ്കിലും അത് ചെയ്തത് ഞാനാണെങ്കിൽ അഭിനന്ദനീയമാണ്’ എന്ന കുറിപ്പോടെയാണ് ശോഭന പാചക വീഡിയോ പങ്കുവേവിച്ചിരിക്കുന്നത്. ‘തികച്ചും സ്വാഭാവികമായും ആളുകൾ ചെയ്യുന്നതൊക്കെ എനിക്ക് അന്യമാണ്. അടുക്കളയോ‍ട് ചേർന്ന് നിൽക്കുന്ന മാവിന്റെ ഇലപ്പടർപ്പിനിടയിലൂടെ വരുന്ന വെളിച്ചം ആസ്വദിക്കുകയെന്നതും പാചകം ചെയ്യാൻ ഒരു കാരണമാണ്. പാചകം, അത് ഇഷ്ടമുള്ളത് കുക്ക് ചെയ്യുക എന്നതു തന്നെയാണ്. നമുക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്നവരോട് നന്ദി പറയാം…’- ശോഭന കുറിച്ചു.

മുട്ട ഉപയോഗിച്ചുള്ള ഒരു വിഭവമാണ് ശോഭന തയ്യാറാക്കുന്നത്. നൃത്തവീഡിയോകൾ പോലെ തന്നെ പ്രിയനടിയുടെ പാചക വീഡിയോയും ആരാധകർ ഏറ്റെടുത്തു. അഭിമുഖങ്ങളോട് പോലും അകലം പാലിച്ചിരുന്ന ശോഭന ലോക്ക് ഡൗൺ കാലത്താണ് സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്.

Read More: നഷ്‌ടമായ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാം, വെളിച്ചെണ്ണയുടെ മാന്ത്രിക ഗുണങ്ങളിലൂടെ

ഇടവേളകളിൽ മാത്രം സിനിമയിലേക്ക് മടങ്ങിയെത്തുന്ന താരം ഏറ്റവുമൊടുവിൽ വേഷമിട്ടത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ്. അതേസമയം,  നൃത്ത പരിശീലനത്തിന്റെയും യാത്രകളുടെ പഴയ ഓർമ്മകളും നൃത്ത പരിപാടികളുടേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും ശോഭന ആരാധാകർക്കായി പങ്കുവയ്ക്കാറുണ്ട്.

Story highlights- shobhana cooking video