ശ്രുതി രാമചന്ദ്രന് എന്ന നടി മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റായ കഥ പങ്കുവെച്ച് ഭര്‍ത്താവ്
അന്‍പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിയ്ക്കപ്പെട്ടപ്പോള്‍ പലരും ശ്രദ്ധിച്ച ഒരു പേരുണ്ട്. ശ്രുതി രാമചന്ദ്രന്. വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങളെ സമ്മാനിയ്ക്കുന്ന ശ്രുതിയ്ക്ക് പുരസ്കാരം ലഭിച്ചത് അഭിനയത്തിനല്ല, മറിച്ച് ഡബ്ബിങ്ങിനാണ്. ഇതുതന്നെയാണ് ആ പേര് പലരും ശ്രദ്ധിക്കാന്‍ ഇടയായതും. ഒരു നടി എന്ന നിലയില്‍ ശ്രുതി രാമചന്ദ്രന് എന്ന പേര് പ്രേക്ഷകര്‍ക്ക് പരിചിതമാണെങ്കിലും ഡബ്ബിങ് ആര്‍ടിസ്റ്റ് എന്ന നിലയില്‍ പുരസ്കാര പ്രഖ്യാപനം വരെ പലര്‍ക്കും അപരിചിതമായിരുന്നു ആ പേര്. ശ്രുതി രാമചന്ദ്രന് എന്ന നടി ഡബ്ബിങ് ആര്‍ടിസ്റ്റായ കഥ പങ്കുവെച്ചിരിയ്ക്കുകയാണ് ഭര്‍ത്താവ് ഫ്രാന്‍സിസ്.
മികച്ച വനിതാ ഡബ്ബിങ് ആര്ടിസ്റ്റിനുള്ള അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശ്രുതിയുടെ നേട്ടം അവിശ്വസനീയമാണെന്ന് പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിസ് കുറിപ്പ് ആരംഭിയ്ക്കുന്നത്. ‘ശ്രുതി ഒരു ആര്‍ക്കിടെക്ടാണ്. അതിനേക്കാള്‍ ഉപരി ബാഴ്സലോണയിലെ ഐഎഎസിയില് നിന്നും മാസ്റ്റേഴ്സ് ഓഫ് സസ്റ്റെയിനബിള്‍ ഡിസൈനില്‍ മികച്ച മാര്‍ക്കോടെ ബിരുദം നേടി. ഇതിനേക്കാള്‍ എല്ലാം രസകരമായ കാര്യം അവള് ഒരു ഡബ്ബിങ് ആര്‍ടിസ്റ്റല്ല മറിച്ച് നടിയാണെന്നതാണ്.’ ശ്രുതിയുടെ ഭര്‍ത്താവ് ട്വിറ്ററില്‍ കുറിച്ചു.
ശ്രുതി ഡബ്ബിങ് ആര്ടിസ്റ്റായതിനെക്കുറിച്ച് ഭര്‍ത്താവിന്റെ വാക്കുകള്‍ ഇങ്ങനെ: ‘കഴിഞ്ഞ വര്‍ഷം ശ്രുതി അഭിനയിച്ച പ്രേതം എന്ന സിനിമയുടെ സംവിധാനയകന് രഞ്ജിത് ശങ്കര്‍ താരത്തെ ഒരു സഹായത്തിനായി വിളിച്ചു. കമല എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ നായികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ സംവിധായകന് പലരേയും സമീപിച്ചു. മലയാളം സംസാരിക്കാത്ത നായികയായതുകൊണ്ടുതന്നെ പല ഡബ്ബിങ് ആര്ടിസ്റ്റുകളിലും സംവിധായകന് തൃപ്തനായില്ല. അങ്ങനെ സംവിധായകന്റെ നിര്‍ദ്ദേശപ്രാകാരം ശ്രുതി ഡബ്ബിങ് സ്റ്റുഡിയോയിലെത്തി. ചില സംഭാഷണങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചു. അത് രഞ്ജിത് ശങ്കറിന് ഇഷ്ടപ്പെട്ടു. അങ്ങനെ ശ്രുതി കമല എന്ന സിനിമയുടെ ഡബ്ബിങ് ആര്‍ടിസ്റ്റായി. ഫ്രാന്‍സിസ് ട്വീറ്റ് ചെയ്തു.
Story highlights: Sruthi Ramachandran – Best female dubbing artist