‘ഓട്ടോറിക്ഷയില്‍ വന്ന എന്നോട് പൃഥ്വി മാത്രം അന്ന് ചോദിച്ചു; ലിഫ്റ്റ് വേണോ’: ഓര്‍മ്മകള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്
നടനായും നിര്‍മാതാവായും സംവിധായകനായുമെല്ലാം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് പൃഥ്വിരാജ് സുകുമാരന്‍. ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിനെക്കുറിച്ച് ചലച്ചിത്രതാരം ഉണ്ണി മുകുന്ദന് പങ്കുവെച്ച ഒരു പഴയകാല ഓര്‍മ്മ. പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രം ഭ്രമത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഒരു ഫോട്ടോയ്ക്കൊപ്പമാണ് ഉണ്ണി മുകുന്ദന് ഓര്‍മ്മ പങ്കുവെച്ചിരിയ്ക്കുന്നത്. ഉണ്ണി മുകുന്ദനും ഭ്രമത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
‘വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് ഞാന്‍ സിനിമാ അഭിനയ രംഗത്ത് എത്തിയ സമയം. ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ടീം അംഗങ്ങളായ ഞങ്ങളുടെ ഒരു ഒത്തുചേരലുണ്ടായിരുന്നു. അന്ന് ഒരു ഓട്ടോറിക്ഷയിലാണ് ഞാന്‍ അവിടെ എത്തിയത്. കൂടിച്ചേരല്‍ കഴിഞ്ഞ് രാത്രി എല്ലാവരും മടങ്ങാന്‍ നില്ക്കുന്നു. അന്ന് പൃഥ്വി മാത്രമാണ് എന്നോട് വീട്ടിലേയ്ക്ക് ലിഫ്റ്റ് വേണോയെന്ന് ചോദിച്ചത്. ഒരു ജെന്റില്‍മാന്‍സ് ഗെസ്ചര്‍ എന്ന രീതിയില്‍ ഞാന്‍ അത് നിരസിക്കുകയും ചെയ്തു. എങ്കിലും വളരെയധികം സന്തോഷത്തോടെ നടന്നു നീങ്ങി. പൃഥ്വി, നിങ്ങള്‍ ഇപ്പോഴും അങ്ങനെതന്നെയാണ് അതേ പോസിറ്റിവിറ്റിയും സഹായിക്കാനുള്ള മനസ്സും ഇപ്പോഴുമുണ്ട്.’ ഉണ്ണി മുകുന്ദന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പതിനെട്ടാം പടി എന്ന ചിത്രത്തില്‍ പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒരുമിച്ചെത്തിയെങ്കിലും ഇരു താരങ്ങളും മുഴുനീള കഥാപാത്രങ്ങളായി ഒരുമിച്ചെത്തുന്ന ആദ്യ ചിത്രമാണ് ഭ്രമം. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മംമ്തയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഛായാഗ്രഹകനായ രവി കെ ചന്ദ്രന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം.
Read more: സഹോദരി പാടി; ചേലോടെ നൃത്തം ചെയ്ത് അനു സിതാരയും: വീഡിയോ
ശരത് ബാലനാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. എ പി ഇന്റര്‍നാഷ്ണലാണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രീരാം രാഘവന് സംവിധാനം നിര്‍വഹിച്ച് 2018-ല്‍ പ്രേക്ഷകരിലേക്കെത്തിയ അന്ധാധുനിന്റെ മലയാളം റീമേക്കാണ് ഭ്രമം എന്ന് ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഭ്രമത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അന്ധാധുനില്‍ ആയുഷ്മാന്‍ ഖുറാനയാണ് പ്രധാന കഥാപാത്രമായെത്തിയത്.
Story highlights: Unni Mukundhan about Prithviraj Sukumaran