നൃത്തഭാവങ്ങളിൽ മുഴുകി വിനീത്- മനോഹര വീഡിയോ
നടനും നർത്തകനുമായ താരമാണ് വിനീത്. ഒട്ടേറെ സിനിമകളിൽ നായകനായി വേഷമിട്ടപ്പോഴും അദ്ദേഹം നൃത്തവേദികളിൽ സജീവമായിരുന്നു. ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും നൃത്തം ജീവവായു പോലെയാണ് വിനീതിന്. അടുത്തിടെയാണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോഴിതാ, മനോഹരമായ ഒരു നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.
ഷാനി ഹരികൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. നൃത്തത്തിന്റെ കൊറിയോഗ്രാഫി വിനീത് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മനോഹരമായ നൃത്തചുവടുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, തെലുങ്ക് നടൻ നിധിന്റെ നായികയായി കീർത്തി സുരേഷ് എത്തുന്ന ചിത്രമായ ‘രംഗ് ദേ’യിലാണ് വിനീത് അടുത്തതായി അഭിനയിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന ചിത്രത്തിലെ വിവേക് ഒബ്റോയിയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയതിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും ഈ കലാകാരൻ സ്വന്തമാക്കിയിരുന്നു. വരാനിരിക്കുന്ന മോഹൻലാൽ ചിത്രമായ മരക്കാർ, അറബിക്കടലിന്റെ സിംഹത്തിലും മികച്ച വേഷത്തിലാണ് താരം എത്തുന്നത്.
Read More: ‘എന്തൊക്കെ പറഞ്ഞാലും ജോര്ജ്ജുകുട്ടി ആള് മിടുക്കനാ’: ദൃശ്യം 2 വീഡിയോ
മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും വിനീത് അഭിനയിച്ചിട്ടുണ്ട്. നൃത്തവേദിയിൽ നിന്നുമാണ് വിനീത് അഭിനയ ലോകത്തേക്ക് എത്തിയത്. സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ അഗ്രഗണ്യനാണ് വിനീത്. സ്കൂൾ യുവജനോത്സവങ്ങളിൽ തുടർച്ചയായി കലാപ്രതിഭ പട്ടവും വിനീതിന് ലഭിച്ചിട്ടുണ്ട്. 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
Story highlights- vineeth dance video