ഹിമാചല്‍ ചാരുതയില്‍ ഒരുങ്ങിയ സിന്ദഗി ഗാനം ഹിറ്റ്: സന്തോഷം പങ്കുവെച്ച് മ്യൂസിക് കംപോസറും
ചില പാട്ടുകളുണ്ട്. ആസ്വാദക മനസ്സുകളിലേയ്ക്ക് നേര്‍ത്ത ഒരു മഴനൂല് പോലെ പെയ്തിറങ്ങുന്ന സുന്ദര ഗാനങ്ങള്‍. ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു പാട്ട്. വര്‍ത്തമാനം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാര്‍വ്വതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വര്‍ത്തമാനം.
ചിത്രത്തിലെ സിന്ദഗി എന്ന് പേരിട്ടിരിയ്ക്കുന്ന വീഡിയോ ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിയ്ക്കുന്നതും. മുപ്പത് ലക്ഷത്തിലേറെ പേര് ദിവസങ്ങള്‍ക്കുള്ളില്‍ ഗാനം കണ്ടുകഴിഞ്ഞു. ഗാനം കംപോസ് ചെയ്തിരിയ്ക്കുന്നതും ആലപിച്ചിരിയ്ക്കുന്നതും ഹിഷാം അബ്ദുള്‍ വഹാബ് ആണ്. പാട്ട് ഹിറ്റായതിന്റെ സന്തോഷം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
Read more: ”സെന്റീമീറ്ററല്ലേ, അല്ല മൈക്രോസ്കോപ്പ്”: ചിരിയും പ്രണയവും നിറച്ച് യുവം സിനിമയിലെ രംഗം
മലയാളവും ഹിന്ദിയും ചേര്‍ന്നുള്ളതാണ് ഈ ഗാനം. വിശാല്‍ ജോണ്സണ്, ഫേയ്സ് ചൗധരിയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിയ്ക്കുന്നത്. ഹിഷാമിനൊപ്പം മെറിന് ഗ്രിഗറിയും ഫേയ്സ് ചൗധരിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നുണ്ട് ഈ ഗാനം. ഹിമാചലിന്റെ ഭംഗിയാണ് ഗാനരംഗത്ത് ദൃശ്യവല്‍ക്കരിച്ചിരിയ്ക്കുന്നത്.
സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. റോഷന് മാത്യുവും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആര്യാടന് ഷൗക്കത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം.
മാര്‍ച്ച് 12 മുതല്‍ വര്‍ത്തമാനം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുള്‍ റഹ്മാനെക്കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സ്റ്റിയിലേയ്ക്ക് യാത്ര തിരിച്ച മലയാളി പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളും പ്രതിസന്ധികളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.
Story highlights: Zindagi Video Song from Varthamanam in Trending