അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നുമുതൽ തിയേറ്ററുകളിലേക്ക്

സണ്ണി വെയിൻ നായകനായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. നവാഗതനായ പ്രിൻസ് ജോയ് സംവിധായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രിൽ ഒന്ന് മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. അതേസമയം ചിത്രത്തിന്റെ റിലീസിന് മുൻപേ പുറത്തിറങ്ങി മണിക്കൂറുകൾക്കൊണ്ട് വൻ സ്വീകാര്യതയാണ് നേടിയതാണ് അനുഗ്രഹീതൻ ആന്റണിയിലെ ഗാനങ്ങൾ. ചിത്രത്തിലെ ‘കാമിനി’ എന്ന ഗാനം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ചിത്രത്തിൽ നായികയായി വേഷമിടുന്നത് ഗൗരി കിഷനാണ്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.
ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്.
Story Highlights; Anugraheethan Antony release