ജീവിക്കാനായി അന്ന് ടാക്‌സി ഓടിച്ചു, ഇന്ന് ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥ; ഇന്ത്യക്കാരിയുടെ വിജയകഥ

March 26, 2021
From taxi driver to top NZ cop

മന്‍ദീപ്… വെറുമൊരു പേരല്ല. മനോഹരമായൊരു പ്രചോദനമാണെന്ന് ഒറ്റവാക്കില്‍ പറയാം. കഷ്ടപ്പാടുകളില്‍ തളരാതെ മനോധൈര്യംകൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ് മന്‍ദീപ് കൗര്‍ സിദ്ധുവെന്ന പെണ്‍കരുത്ത്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന മന്‍ദീപ് ഇന്ന് ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ സീനിയര്‍ സര്‍ജന്റ് ആണ്. പൊലീസ് സേനയിലെ ആദ്യ കിവി- ഇന്ത്യന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്നുമാണ് പുതിയ പഥവിയിലേക്ക് മന്‍ദീപിന് സ്ഥാനക്കയറ്റം ലഭിച്ചത്.

വലിയൊരു പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും കഥയുണ്ട് മന്‍ദീപിന് പറയാന്‍. കണ്ണീരിന്റെ നോവു പടര്‍ന്ന കഥ. പഞ്ചാബിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു മന്‍ദീപിന്റെ ജനനം. പതിനെട്ടാം വയസ്സില്‍ വിവാഹം. പന്തൊമ്പതാം വയസ്സില്‍ അമ്മയായി. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഒരുപാട് പ്രശന്ങ്ങള്‍ നേരിടേണ്ടി വന്നു. അതുകൊണ്ടുതന്നെ വിവാഹജീവിതത്തിന് ആയുസ്സ് കുറവായിരുന്നു. 1992-ല്‍ തന്റെ രണ്ട് മക്കളേയും കൊണ്ട് മന്‍ദീപ് ഭര്‍ത്താവിനെ വിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങി.

Read more: കിം കിം പാട്ട് പാടുന്ന ഉമ്മന്‍ ചാണ്ടിയും പിന്നെ തന്തമന്ത്രാലയത്തിന്റെ ബോധവല്‍ക്കരണവും: രസികന്‍ അനുകരണങ്ങളുമായി താരക്കൂട്ടങ്ങള്‍

കുട്ടികള്‍ക്ക് ആറും എട്ടും വയസ്സ് പ്രായമുള്ളപ്പോള്‍ മന്‍ദീപ് ഓസ്‌ട്രേലിയക്ക് പോയി. അതും തനിച്ച്. മുന്‍ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മക്കളെ കൂടെക്കൂട്ടാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ ചെറിയൊരു ജോലി അന്വേഷിച്ചു. വീടുകള്‍ തോറും കയറിയിറങ്ങി സാധനങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് ആദ്യം ലഭിച്ചത്. കഷ്ടപ്പാടുകളിലും തളരാതെ മന്‍ദീപ് ജോലി ഭംഗിയായി നിര്‍വഹിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം കുറവായതിനാല്‍ വീടുകളില്‍ ചെല്ലുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ ഒരു പേപ്പറില്‍ എഴുതിവെച്ചായിരുന്നു ഓരോ ദിവസത്തേയും മന്‍ദീപിന്റെ യാത്ര.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മന്‍ദീപ് ന്യൂസിലന്‍ഡിലേക്ക് കുടിയേറി. ടാക്‌സി ഓടിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ക്ക് കിവി പൊലീസ് സേനയുടെ ഭാഗമാകണമെന്ന് മന്‍ദീപ് ആഗ്രഹിച്ചു. അതിനായി കഠിനാധ്വാനം ചെയ്ത് പരിശ്രമിച്ചു. 2002-ല്‍ കുട്ടികളും മന്‍ദീപിനൊപ്പം ന്യൂസിലന്‍ഡില്‍ എത്തി. 2004-ല്‍ മന്‍ദീപ് പൊലീസ് സേനയില്‍ അംഗമാകുകയും ചെയ്തു.

കഷ്ടപ്പാടുകള്‍ക്കിടയിലും ജോലിയില്‍ ഒരിക്കല്‍പോലും മന്‍ദീപ് വിട്ടുവീഴ്ച ചെയ്തില്ല. അതുകൊണ്ടുതന്നെ അവരുടെ പ്രയത്‌നങ്ങള്‍ ഫലമണിഞ്ഞു. കോണ്‍സ്റ്റബിളില്‍ നിന്നും സീനിയര്‍ സര്‍ജന്റ് പഥവിയിലെത്തുകയും ചെയ്തു മന്‍ദീപ്. ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങളില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് ഉയര്‍ന്ന് പറക്കാന്‍ കരുത്ത് പകരുന്ന പ്രചോദനവും മാതൃകയുമാവുകയാണ് ഈ ജീവിതം.

Story highlights: From taxi driver to top NZ cop