കുറുമ്പും കുസൃതിയുമായി മഞ്ജു വാര്യർ; ശ്രദ്ധനേടി ‘ചതുർമുഖ’ത്തിലെ ആദ്യ വീഡിയോ ഗാനം

March 29, 2021

മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ഹൊറർ ത്രില്ലറാണ് ചതുർമുഖം. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമെത്തി. കുറുമ്പും കുസൃതിയുമായി ചുറുചുറുക്കുള്ള കഥാപാത്രമായാണ് മഞ്ജു വാര്യർ ചിത്രത്തിൽ എത്തുന്നത്.  രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ പ്രോജക്റ്റെന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്.

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മഞ്ജു വാര്യർക്ക് പരിക്ക് പറ്റിയിരുന്നു.

Read More: സാരിയിൽ മലക്കംമറിഞ്ഞ് ഒരു ഹോളി ആഘോഷം; സൈബർ ഇടങ്ങൾ ആഘോഷമാക്കിയ വിഡിയോ

ചതുർമുഖം ഏപ്രിൽ എട്ടിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി നടത്തിയ പ്രസ് മീറ്റിൽ മഞ്ജു വാര്യർ പറഞ്ഞ അനുഭവങ്ങൾ ശ്രദ്ധനേടിയിരുന്നു. ‘ചതുർമുഖത്തിന്റെ ലൊക്കേഷനിൽ വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറർ സിനിമയായതുകൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതെന്ന്. അതോടെ ലൊക്കേഷനിൽ എല്ലാവരിലും ഭയം വർധിച്ചു തുടങ്ങി. ഒരിക്കൽ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതോടെ ഉറപ്പിച്ചു. ഹൊറർ സിനിമയായതു കൊണ്ടാണെന്ന്.ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്’- മഞ്ജു വാര്യരുടെ വാക്കുകൾ.

Story highlights- chathurmukham video song