അവഞ്ചേഴ്സ് ടീമിനൊപ്പം ധനുഷ്; ‘ദി ഗ്രേ മാൻ’ ചിത്രീകരണം ആരംഭിച്ചു
തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് ധനുഷ്. ബോളിവുഡിലും രാജ്യാന്തര ചലച്ചിത്രങ്ങളിലും വേഷമിട്ട് ആരാധകരെ നേടിയെടുത്ത താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സിനിമ പ്രേമികൾക്കിടയിൽ ഏറെ ആവേശം സൃഷ്ടിച്ച അവഞ്ചേഴ്സ് ടീമിനൊപ്പം ധനുഷ് എത്തുന്ന വാർത്ത നേരത്തെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അവഞ്ചേഴ്സ് സംവിധായകർ റൂസോ സഹോദരങ്ങളുടെ ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്.
ദി ഗ്രേ മാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിംഗിനുമൊപ്പമാണ് ധനുഷ് വേഷമിടുന്നത്. ചിത്രത്തിൽ നായികയായി വേഷമിടുന്നത് അനാ ഡെ അർമാസാണ്. ഇവർക്ക് പുറമെ വാഗ്നർ മൗറ, ജെസീക്ക ഹെൻവിക്, ജൂലിയ ബട്ടർസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മാർക്ക് ഗ്രീനി എഴുതിയ ദി ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
Read also:ബോളിവുഡിലേക്ക് ചുവടുവെച്ച് കനി കുസൃതി; ശ്രദ്ധേയമായി ‘ഓകെ കമ്പ്യൂട്ടർ’ ട്രെയ്ലർ
അതേസമയം ധനുഷിന്റേതായി വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമാണ് കർണൻ. നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കർണൻ. ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം.
ജഗമേ തന്തിരം, ആനന്ദ് എൽ റായിയുടെ ബോളിവുഡ് ചിത്രം അത്രാംഗി രേ, എന്നീ ചിത്രങ്ങളാണ് അണിയറയിൽ ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. രാം കുമാർ, സെൽവരഘവൻ, കാർത്തിക് നരേൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ധനുഷ് ഒപ്പുവെച്ചിട്ടുണ്ട്.
Story Highlights:dhanush hollywood film the gray man shoot begins