ഹെലൻ തമിഴിലെത്തുമ്പോൾ; ഭീതിനിറച്ച് വിഡിയോ

നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത് അന്ന ബെൻ നായികയായി എത്തിയ ചിത്രമാണ് ‘ഹെലൻ’. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം അന്യഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. സർവൈവൽ ത്രില്ലറായ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒരുങ്ങുമ്പോൾ ചിത്രത്തിന് ‘അൻപിർക്കിനിയാൾ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
മലയാളത്തിൽ അന്ന ബെന്നും ലാലും അവതരിപ്പിച്ച കഥാപാത്രങ്ങളെ തമിഴിൽ കീർത്തി പാണ്ഡ്യനും പിതാവ് അരുൺ പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗോകുലാണ്. ചിത്രം നിർമ്മിക്കുന്നത് അരുൺ പാണ്ഡ്യന്റെ ഹോം ബാനറായ എ & പി ഗ്രൂപ്പാണ്. ജാവേദ് റിയാസിന്റെ സംഗീതവും പ്രദീപ് ഇ രാഗവിന്റെ എഡിറ്റിംഗും മഹേഷ് മുത്തുസാമിയുടെ ഛായാഗ്രഹണവും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രത്തിന്റെ ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് വിഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഹെലൻ എന്ന പെൺകുട്ടി അപ്രതീക്ഷിതമായി കടന്നു പോകുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഹെലനായി മലയാളത്തിൽ വേഷമിട്ടത് അന്ന ബെന്നാണ്. ദി ചിക്കൻ ഹബ്’ എന്ന റസ്റ്റോറന്റിൽ വെയിട്രസ് ആണ് അന്നയുടെ കഥാപാത്രം. മികച്ച സ്വീകാര്യത ലഭിച്ച ചിത്രം തമിഴിന് പുറമെ കന്നഡ, ഹിന്ദി ഭാഷകളിലും റീമേക്കിന് ഒരുങ്ങുന്നുണ്ട്.
Story Highlights: helen tamil remake sneak peak