നീലാമ്പലേ…. സുജാതയുടെ സ്വരമാധുരിയില്‍ ദ് പ്രീസ്റ്റ്-ലെ വിഡിയോ ഗാനം

March 19, 2021
Neelaambale Video Song from The Priest

സംഗീതാസ്വാദകര്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച ഗായിക സുജാതയുടെ സ്വരമാദുരിയില്‍ മറ്റൊരു ഗാനം കൂടി. മമ്മൂട്ടി നായകനായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചിത്രത്തിലെ നീലാംബലേ നീ വന്നിതാ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിയ്ക്കുന്നതും. രാഹുല്‍ രാജ് ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍.

അതേസമയം ഒന്നര വര്‍ഷത്തിന് ശേഷം മമ്മൂട്ടി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മോനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.

മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നുണ്ട്. അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്നം സഫലമായിരിക്കുകയാണ്. സസ്‌പെന്‍സും ത്രില്ലറും നിറച്ച മികച്ചൊരു കുടുംബ ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്.

Story highlights: Neelaambale Video Song from The Priest