ഏപ്രിൽ നാലിന് ‘നിഴൽ’ തിയേറ്ററുകളിലേക്ക്- ശ്രദ്ധനേടി കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ചുള്ള പോസ്റ്റർ

March 21, 2021

കുഞ്ചാക്കോ ബോബന്റെ നായികയായി നയൻ‌താര ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. മിസ്റ്ററി ത്രില്ലറായാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ നാലിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

ദേശീയ അവാർഡ് നേടിയ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിൽ കുഞ്ചാക്കോ ബോബൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായ ജോൺ ബേബിയായാണ് എത്തുന്നത്. നയൻതാരയുടെ കാരക്ടർ പോസ്റ്റർ പങ്കുവെച്ചിരുന്നെങ്കിലും കഥാപാത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

 വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കൾ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

Read More: ‘എൻജോയ് എൻജാമി’യ്ക്ക് ചുവടുവെച്ച് കുട്ടി തെന്നൽ- ക്യൂട്ട് വീഡിയോ

കുഞ്ചാക്കോ ബോബനും നയൻതാരയും ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് എത്തിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും സിനിമയ്ക്കായി ഒന്നിക്കുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. അതേസമയം, അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്ന ആവേശത്തിലാണ് കുഞ്ചാക്കോ ബോബൻ. അണ്ണാത്തെ എന്ന ചിത്രത്തിലാണ് നയൻ‌താര ഇനി വേഷമിടുന്നത്.

Story highlights- Nizhal movie release date announced