മോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബറോസ്; പുതിയ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

March 16, 2021
Prithviraj Sukumaran about Mohanlal’s Barroz

ബറോസ്; ചലച്ചിത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങളൊരുക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ബറോസ്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ വായിക്കുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

തനിക്ക് ലഭിച്ച തിരക്കഥയുടെ കോപ്പിയുടെ ചിത്രവും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ബറോസ് ഷൂട്ടിങ് സ്‌ക്രിപ്റ്റ്, സൂപ്പര്‍വൈസേഴ്‌സ് കോപ്പി’ എന്നെഴുതിയ പുറംചട്ടയില്‍ കോണ്‍ഫിഡന്‍ഷ്യല്‍, രാജുവിന്റെ കോപ്പി എന്നും രേഖപ്പെടുത്തിയിരിയ്ക്കുന്നു.

2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്.

മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നതും. ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

Story highlights: Prithviraj Sukumaran about Mohanlal’s Barroz