ഷാരൂഖ് ഖാൻ നിർമിക്കുന്ന ഡാർലിംഗ്‌സിൽ ആലിയ ഭട്ടിനൊപ്പം റോഷൻ മാത്യുവും

March 1, 2021
shah rukh khan roshan mathew aliya bhatt joins together for darlings

കുറഞ്ഞ നാളുകള്‍ക്കൊണ്ടുതന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് റോഷന്‍ മാത്യു. ബോളിവുഡിലും സാന്നിധ്യമറിയിച്ച താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും ഒരുങ്ങുന്നു. ഷാരൂഖ് ഖാൻ നിർമിക്കുന്ന ചിത്രത്തിലാണ് റോഷൻ വേഷമിടുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഡാര്‍ലിംഗ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിൽ ആലിയ ഭട്ടാണ് നായികാ കഥാപാത്രമായെത്തുന്നത്. അതേസമയം ഇറ്റേണൽ സൺഷൈൻ എന്ന നിർമ്മാണകമ്പനിയുടെ അനൗൺസ്മെന്റിനൊപ്പമാണ് ആലിയ ഭട്ട് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ഷഫാലി ഷായും വിജയ് വര്‍മ്മയും ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ജസ്മീത് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടറും തിരക്കഥാകൃത്തുമായ ജസ്മീതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഡാര്‍ലിംഗ്‌സ്.

Read also:തെരുവിൽ പാട്ടപെറുക്കി ജീവിച്ചത് 24 വർഷം; സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കിയ വിവാഹത്തിന് പിന്നിൽ…

അനുരാഗ് കശ്യപ് സംവിധാനം നിര്‍വഹിച്ച ചോക്ക്ഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്കും അരങ്ങേറ്റം കുറിച്ചതാണ് റോഷന്‍. താരം കഥാപാത്രമായെത്തുന്ന മറ്റ് നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിദ്ധാർഥ് ശിവ സംവിധാനം നിർവഹിച്ച വർത്തമാനമാണ് റോഷൻ മാത്യുവിന്റേതായി അവസാനം പുറത്തുവന്ന മലയാള ചിത്രം. പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.

Story Highlights: shah rukh khan roshan mathew aliya bhatt joins together for darlings