വെള്ളിത്തിരയിൽ തിരക്കുള്ള താരമായി സിജു വിൽസൺ; പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം

March 8, 2021
ekaa

സിനിമകള്‍ പ്രേക്ഷകരിലേക്കെത്തും മുമ്പേ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട് ചിത്രങ്ങളുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും പാട്ടുകളുമൊക്കെ. അത്തരത്തിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുകയാണ് സിജു വിത്സൺ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. അനൂപ് എം ജെ സംവിധാനം നിർവഹിക്കുന്ന എകാ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഏറെ ശ്രദ്ധനേടുന്നത്. ചിത്രത്തിൽ സിജു വിൽസന്റെ നായികയായി വേഷമിടുന്നത് എലൻ മരിയ ആണ്. സിജു വിൽസൺ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും.

അതേസമയം മലർവാടി ആർട്സ് ക്ലബിലൂടെ സിനിമാ മേഖലയിലെത്തിയ സിജു നായകനാകുന്ന ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മാരീചൻ, വരയൻ, പത്തൊമ്പതാം നൂറ്റാണ്ട്, ഇന്ന് മുതൽ എന്നീ ചിത്രങ്ങളിലാണ് സിജു വിൽസൺ നായകനാകുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിഖിൽ ഉണ്ണിയാണ് ‘മാരീചൻ’ സംവിധാനം ചെയ്യുന്നത്. ‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’.

Read also:നിസാര തുകയ്ക്ക് വിൽക്കാൻ വെച്ച പഴയ പാത്രത്തിന്റെ മൂല്യം കോടികൾ; അമ്പരപ്പിച്ച് പതിനഞ്ചാം നൂറ്റാണ്ടിലെ കുഞ്ഞൻ പാത്രം

വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുന്നു. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായാണ് ചിത്രത്തിൽ സിജു വിൽസൺ വേഷമിടുന്നത്. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിജു വിൽസൺ അഭിനയിക്കുന്ന ‘ഇന്നു മുതല്‍’ എന്ന ചിത്രം.

Story Highlights: siju wilson share ekaa photo