മനോഹര നൃത്തച്ചുവടുകളുമായെത്തി സൈബർ ഇടങ്ങൾ കീഴടക്കിയ കൊച്ചുമിടുക്കി ഇനി പൃഥ്വിരാജിന്റെ മകൾ…

കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കൊണ്ട് സോഷ്യൽ ഇടങ്ങളിലൂടെ മലയാളി ഹൃദയങ്ങൾ കവർന്ന കൊച്ചുമിടുക്കി വൃദ്ധി വിശാൽ ഇനി പൃഥ്വിരാജിനൊപ്പം സിനിമയിൽ. പൃഥ്വിരാജ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം കടുവയിലാണ് വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായാണ് വൃദ്ധി വിശാൽ വേഷമിടുന്നത്.
കല്യാണവീട്ടിൽ മുതിർന്നവർക്കൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്ന വൃദ്ധി വിശാലിന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ ഇടങ്ങളിൽ മുഴുവൻ വൈറലായിരുന്നു. അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെ വളരെ മനോഹരമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന കൊച്ചുമിടുക്കിയെ ഇതിനോടകം മലയാളക്കര ഏറ്റെടുത്തതാണ്. ഇപ്പോഴിതാ ഈ കുഞ്ഞുമിടുക്കി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
Read also: കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. ചിത്രത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ഗെറ്റപ്പും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ലിസ്റ്റിന് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. തെന്നിന്ത്യന്‍ സംഗീതഞ്ജന്‍ എസ് തമന് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
Story Highlights:Vridhi vishal starring with prithwiraj sukumaran