സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്നോ- ഹൊറര്‍ ചിത്രം; ചതുര്‍മുഖം ഏപ്രില്‍ എട്ട് മുതല്‍ തിയേറ്ററുകളിലേക്ക്
മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ചതുര്‍മുഖം. സണ്ണി വെയ്നും അലന്‍സിയറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഏപ്രില്‍ എട്ട് മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഒരു സ്മാര്‍ട് ഫോണ്‍ ആണ് ചിത്രത്തില്‍ നാലാമത്തെ മുഖം എന്നതും ചതുര്‍മുഖത്തിന്റെ ആകര്‍ഷണമാണ്. സിനിമയ്ക്കുവേണ്ടിയൊരുക്കിയ പ്രത്യേക മൊബൈല്‍ഫോണ്‍ റിങ്ടോണും ശ്രദ്ധ നേടുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം എന്ന ഖ്യാതിയോടെയാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്കെത്തുക. ഈ വര്‍ണന തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഒരു പ്രധാന ഘടകവും.
എന്താണ് ഈ ടെക്നോ ഹൊറര്‍? ഹൊറര്‍ ചിത്രങ്ങള്‍ പരിചിതമാണെങ്കിലും ടെക്നോ ഹൊറര്‍ ചിത്രം എന്ന വാക്ക് മലയാള ചലച്ചിത്ര ആസ്വാദകരെ സംബന്ധിച്ച് അല്പം പുതുമ നിറഞ്ഞതാണ്. എന്നാല്‍ ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗം എന്ന് ടെക്നോ ഹൊററിനെ വിശേഷിപ്പിയ്ക്കാം.
Read more: 6962 മീറ്റര്‍ നീളം; വധുവിന്റെ ഭീമന് ശിരോവസ്ത്രത്തിന് റെക്കോര്‍ഡ് നേട്ടം
കാഴ്ചക്കാരില്‍ ഭീതി ജനിപ്പിയ്ക്കാന്‍ ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും എല്ലാം ഉപയോഗപ്പെടുത്തുന്നു ടെക്നോ ഹൊറര്‍ ചിത്രങ്ങളില്‍. സയന്‍സ് ഫിക്ഷനും ഫാന്റസിയുമൊക്കെ ഇത്തരം ചിത്രങ്ങളുടെ ഭാഗമാകാറുണ്ട്.
അതേസമയം സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചതുര്‍മുഖം ചിത്രത്തിനുണ്ട്. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Story highlights: ChathurMukham release