ഇറ്റാലിയൻ സിനിമ പ്രേമികൾക്ക് സന്തോഷിക്കാം; രാജ്യത്ത് സിനിമ സെൻസറിങിന് അവസാനം

സിനിമയ്ക്കുള്ള സെൻസർഷിപ് നിയമം ഇല്ലാതാക്കി ഇറ്റലിയുടെ പുതിയ നിയമ പരിഷ്കരണം. കലയുടെ കാര്യത്തിൽ സ്വാതന്ത്ര്യം കലാകാരന്മാർക്കാണ്. അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയുള്ള നിയമ നിയന്ത്രണങ്ങളുടെയും സംവിധാനത്തിന്റെയും ആവശ്യമില്ലെന്ന് ചൂണ്ടി കാണിച്ചാണ് ഇറ്റാലിയൻ സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാൻസെസ്ച്ചിനി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.

ഇതോടെ 1913 ൽ തുടക്കമിട്ട സിനിമ സെൻസർഷിപ് നിയമത്തിന് തിരശീല വീഴുകയാണ്. സിനിമയിലെ രംഗങ്ങൾ നിരോധിക്കാനും സിനിമ നിരോധിക്കാനുമുള്ള ഭരണകൂടത്തിന്റെ അധികാരം ഈ നിയമം ഇല്ലാതാവുന്നതോടെ അവസാനിക്കുകയാണ്. മതപരമായ കാരണങ്ങൾ ചൂണ്ടികാണിച്ചോ സദാചാരപരമായ കാരണങ്ങൾ കൊണ്ടോ സിനിമയെ എതിർക്കാനോ സിനിമയിലെ രംഗങ്ങൾ നീക്കം ചെയ്യാനോ ഇനി സാധിക്കില്ല. പകരം ചലച്ചിത്രകാരന്മാർ തന്നെ അവരുടെ പടം കാണേണ്ട ആളുകളുടെ പ്രായം നിശ്ചയിച്ച് സിനിമകളെ തരംതിരിക്കും. എന്നാൽ വയസ്സ് അടിസ്ഥാനത്തിലുള്ള ഈ ക്ലാസിഫിക്കേഷൻ പരിശോധിക്കാൻ ചലച്ചിത്ര മേഖലയിൽ നിന്നുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു കമ്മീഷൻ രൂപികരിക്കും.

Read More: മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം ഏറ്റെടുത്ത് പ്രേക്ഷകർ; തിയേറ്ററിൽ ആവേശമായി ‘ചതുർ മുഖം’

ഓൺലൈൻ സ്ട്രീമിങ്ങിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനും ഇത്രയും പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ സെൻസർഷിപ്പിന് പ്രസക്തിയില്ലെന്നും ആളുകൾ സ്വയം വിലയിരുത്തി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമുള്ള വിലയിരുത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം. സെൻസർഷിപ്പിലൂടെ പ്രശസ്തമായ പല സിനിമകൾക്കും വിലക്കേർപ്പെടുത്തിയ ചരിത്രമുണ്ട് ഇറ്റലിയ്ക്ക്. സെൻസറിങ്ങിന്റെ ഭാഗമായി ഇതുവരെ പതിനായിരത്തോളം കട്ടുകളും നടത്തിയിട്ടുണ്ട്. 274 ഇറ്റാലിയൻ സിനിമകളും ഇവിടെ വിലക്കിയിട്ടുണ്ട്.

Story highlights- italy ends censorship of films