ഇറ്റലിയിലെ റൊട്ടോണ്ടെല്ല; ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്കിടയിൽ തലയുയർത്തി നിൽക്കുന്ന നഗരം..!

January 22, 2024

സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ എന്നും കൗതുകകരമായ കാഴ്ചകള്‍ നിറഞ്ഞതാണ്. മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന കുന്നുകളും മലകളുമെല്ലാം റീല്‍സിലും ട്രാവല്‍ വ്‌ളോഗിലുമെല്ലാം കാണുന്നതാണ്. ഈ കാഴ്ചകള്‍ കാണാനായി ട്രെക്കിങ്ങിന് പോകുന്നവരുമുണ്ട്. വിമാന യാത്രക്കിടയില്‍ പകര്‍ത്തുന്ന വീഡിയോകളും ഇത്തരത്തില്‍ ദൃശ്യാനുഭവം സമ്മാനിക്കാറുണ്ട്. ( Rotondella town Floating Above The Clouds )

അത്തരം കാഴ്ചകളെ വെല്ലുന്ന ഒരു നഗരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലമുകളില്‍ സ്ഥിതിചെയ്യുന്ന ഈ ചെറു നഗരത്തിന് ചുറ്റും പാല്‍ കടല്‍ പോലെ മേഘങ്ങള്‍ ഒഴുകി നടക്കുന്നതാണ് കാഴ്ച. യുറോപ്യന്‍ രാജ്യമായ ഇറ്റലിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന റൊട്ടോണ്ടെല്ല എന്ന നഗരത്തിന്റെ മനോഹരമായ കാഴ്ചയാണിത്.

76 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള റൊട്ടോണ്ടെല്ല നഗരം സമുദ്രനിരപ്പില്‍ നിന്നും 576 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ലെ കണക്കുകള്‍ പ്രകാരം 2618 പേരാണ് ഈ കുന്നിന്‍ മുകളിലെ നഗരത്തില്‍ വസിക്കുന്നത്. പ്രകൃതി സൗന്ദര്യത്തോടൊപ്പം മനോഹരമായ വാസ്തുവിദ്യ, ചരിത്രപ്രാധാന്യമുള്ള പള്ളികള്‍, പ്രാദേശിക ഉത്സവങ്ങള്‍ എന്നിവയ്ക്കും പേരുകേട്ട നഗരമാണ് റൊട്ടോണ്ടെല്ല. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് നഗരം കാണാനെത്തുന്നത്. വിശാലമായ കാഴ്ച വിസ്മയം സമ്മാനിക്കുന്നതിനാല്‍ അയോണിയന്‍ കടലിന്റെ ബാല്‍ക്കണി എന്നും റൊട്ടൊണ്ടെല്ല നഗരം അറിയപ്പെടുന്നു.

Read Also : “എനിക്ക് ഒന്നും ഒളിക്കാനില്ല”; കണ്ണാടിച്ചിറകുള്ള സുന്ദരി പൂമ്പാറ്റ വൈറലാണ്!

Daniele Ceravolo എന്നയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്ന പേരില്‍ Masayuki Tsuda എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് ഈ നഗരത്തിന്റെ മേഘക്കാഴ്ച്ച പങ്കുവച്ചിട്ടുള്ളത്. ‘തെക്കന്‍ ഇറ്റലിയില്‍, മേഘങ്ങള്‍ക്ക് മുകളില്‍ ഒരു നഗരമുണ്ട്. ഇതാണ് റോട്ടോണ്ടെല്ല’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

Story highlights : Rotondella town Floating Above The Clouds