‘പിരീഡ്‌സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ വാക്‌സിന്‍ എടുക്കരുത്’ എന്ന പ്രചരണം വ്യാജം; വിശദീകരണവുമായി സര്‍ക്കാര്‍

April 26, 2021
Women can take Covid-19 vaccine during menstruation

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും അതിരൂക്ഷമായി തുടരുകയാണ് രാജ്യത്ത് കൊവിഡ് വ്യാപനം. എന്നാല്‍ കോറോണ വൈറസിനേക്കാള്‍ വേഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പല വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നത്. വ്യാജ വാര്‍ത്തകരുടെ പ്രചാരകരാകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് ഓര്‍മപ്പെടുത്തുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പലരുടേയും വാട്‌സ്ആപ്പുകളില്‍ ലഭിച്ച ഒരു സന്ദേശമുണ്ട്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ പാടില്ല എന്ന തരത്തിലായിരുന്നു പ്രചരണം. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും എന്നും ഈ സമയത്ത് വാക്‌സിന്‍ സ്വീകരിച്ചാല്‍ അമിതമായ രക്തസ്രാവം ഉണ്ടാകുമെന്നും പ്രചരിച്ച സന്ദേശത്തിലുണ്ടായിരുന്നു.

Read more: ‘ധൈര്യമായി തുടരുക, ഇന്ത്യ..’- കൊവിഡ് പോരാട്ടത്തിൽ പിന്തുണ അറിയിച്ച് ബുർജ് ഖലീഫയിൽ തെളിഞ്ഞ ത്രിവർണ പതാക

എന്നാല്‍ ഇത് വ്യാജമാണ്. പിരീട്‌സിന്റെ സമയത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമോ എന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. അത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു. ഇത്തരം അഭ്യൂഹങ്ങളില്‍ വീഴരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു.

അതേസമയം മെയ് ഒന്ന് മുതല്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാം ഘട്ടം രാജ്യത്ത് ആരംഭിക്കും. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. രാജ്യത്ത് വാക്സിനേഷന്‍ യജ്ഞം കൃത്യമായ രീതിയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗരേഖയും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കാന്‍ മുന്‍കൂട്ടി രജിസ്ട്രേഷന്‍ നടത്തേണ്ടതുണ്ട്. ഏപ്രില്‍ 28-ാം തീയതി മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. കോവിന്‍ വെബ്സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷന്‍.

Story highlights: Women can take Covid-19 vaccine during menstruation