‘കാറില്‍ മാര്‍ട്ടിന്റെ നിയന്ത്രണം വിട്ടു, കണ്ണുകള്‍ നിറഞ്ഞു. ആദ്യ ദിവസം ആദ്യ ഷോ’; മാര്ട്ടിന് പ്രക്കാട്ട് എന്ന സുഹൃത്തിനെക്കുറിച്ച് എബ്രിഡ് ഷൈന്‍
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് നായാട്ട്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം നെറ്റ്ഫ്ളിക്സിലും റിലീസ് ചെയ്തതോടെ സിനിമയെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. മാര്ട്ടിന് പ്രക്കാട്ടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ശ്രദ്ധ നേടുകയാണ് നായാട്ടിനെക്കുറിച്ച് എബ്രിഡ് ഷൈന്‍ പങ്കുവെച്ച കുറിപ്പ്. മാര്ട്ടിന് പ്രക്കാട്ടിനോടുള്ള സൗഹൃദത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട് കുറുപ്പില്‍.
എബ്രിഡ് ഷൈന്‍ പങ്കുവെച്ച കുറിപ്പ്
മാര്ട്ടിന് പ്രക്കാട്ട് ന്റെ നായാട്ട്, കഥയും റിവ്യൂവും അല്ല.. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാര്‍ട്ടിനും ഞാനും വനിതയുടെ ഓഫീസില്‍ വര്‍ഷങ്ങളോളം ഒരുമിച്ചു ജോലി ചെയ്തു. ഒരു സ്റ്റുഡിയോയില്‍ ഫോട്ടോ എടുത്ത് പരസ്പരം തെര്‍മോകോള്‍ പിടിച്ചു കൊടുത്തു ഒരുമിച്ച് യാത്ര ചെയ്ത് കവര്‍ പേജ്കള് മാറി മാറി എടുത്ത് 5 വര്‍ഷം. ഓഫീസില്‍ പലപ്പോഴും സിനിമ ആയിരുന്നു ചര്‍ച്ച. അങ്ങനെ ഇരിക്കെ രഞ്ജിത്ത് സര് പ്രൊഡ്യൂസ് ചെയ്ത കേരള കഫെ എന്ന സിനിമയുടെ ഷൂട്ട് തുടങ്ങുന്നു എന്നറിഞ്ഞു. അതിലേ ബ്രിഡ്ജ് എന്ന അന്‍വര്‍ റഷീദ് സര്-ന്റെ ഫിലിമില്‍ അസ്സിസ്റ്റ് ചെയ്യാന്‍ മാര്ട്ടിന് പോയപ്പോള്‍ ലാല്‍ ജോസ് സര് സംവിധാനം ചെയ്ത മമ്മൂട്ടി സര് അഭിനയിച്ച പുറം കാഴ്ചകള്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ആവാന്‍ ഉള്ള അവസരം എനിക്ക് ലാല്‍ജോസ് സര് അനുഗ്രഹിച്ചു തന്നു
മാര്‍ട്ടിനു പിന്നീട് മമ്മൂട്ടി സര് ഡേറ്റ് കൊടുത്തു. ബെസ്റ്റ് ആക്ടര്‍ റിലീസ് ദിവസം സരിത സവിത സംഗീത തിയേറ്റര്‍ കോംപ്ലക്സിലേക്ക് മാര്‍ട്ടിന്റെ ഫ്ളാറ്റില്‍ നിന്ന് മാര്‍ട്ടിനോടൊപ്പം കാറില്‍ ഞാന്‍ മാത്രം ഉണ്ടായിരുന്നുള്ളൂ. ഫ്ളാറ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ ലാഘവത്തോടെ മറ്റുള്ളവരോട് തിയേറ്ററില്‍ കാണാമെന്നു പറഞ്ഞാണ് എന്റെ കാറില്‍ കയറിയത്. കാറില്‍ മാര്‍ട്ടിന്റെ നിയന്ത്രണം വിട്ടു, കണ്ണുകള്‍ നിറഞ്ഞു. ആദ്യ ദിവസം ആദ്യ ഷോ. ലോകത്തു പല കോണില്‍ നിന്നും ആളുകള്‍ വിളിച്ചു ആശംസകള്‍ പറയുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ തിയേറ്റര്‍ കോമ്പൗണ്ടില്‍ ആള് കുറവ്. ‘എന്തുവാടെ ആളില്ലേ’ മാര്ട്ടിന് ചോദിച്ചു. ‘ആള് വരും നമ്മള് നേരത്തെ എത്തി’എന്ന് ഞാന്‍ പറഞ്ഞു. 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്ക് ആളുകള്‍ ഇരമ്പി എത്തി. ഹൗസ്സ് ഫുള്‍ ആയി.
തിയേറ്ററില്‍ ചിരി, കൈയടി, ചൂളം വിളി. പടം കഴിഞ്ഞു ഡയറക്ടര്‍-നെ തിരിച്ചറിഞ്ഞ ആളുകള്‍ മാര്‍ട്ടിനെ പൊക്കിയെടുത്തു കൊണ്ട് പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു. മാര്ട്ടിന് വനിത വിട്ടു. ഞാന്‍ വനിതയില്‍ തുടര്‍ന്നു പിന്നെയും. മാര്‍ട്ടിന്റെ പേരും എന്റെ പേരും മാറി വന്നിരുന്നതിനാലാവാം ഓരോ സ്ഥലത്തു ചെല്ലുമ്പോള്‍ ആളുകള്‍ ചോദിക്കും കൂട്ടുകാരന് ഡയറക്ടര്‍ ആയല്ലോ എന്നാ പടം ചെയ്യുന്നത്.
മാര്ട്ടിന് പടം ചെയ്തത് കൊണ്ടും ആ പടം വിജയം ആയതു കൊണ്ടും ആണ് ഞാന്‍ സംവിധായകന് ആയത്. 1983-യുടെ കഥ നിവിനോട് പറഞ്ഞത് 10 മിനിറ്റ് കൊണ്ടാണ്. ആ 10 മിനുട്ടില്‍ നിവിന്‍ പടം ചെയ്യാമെന്ന് സമ്മതിച്ചു. ബിജു ആവട്ടെ ആദ്യം നിവിന്‍ ഡേറ്റ് തന്ന ശേഷം ആണ് കഥ ഉണ്ടാവുന്നത്. 10 മിനിറ്റ് കൊണ്ട് പറഞ്ഞ കഥ നിവിന്‍ എങ്ങനെ ആണ് സമ്മതിച്ചതെന്നു പിന്നീട് നിവിനോട് ചോദിച്ചിട്ടുണ്ട്. പറഞ്ഞ് വന്നത് മാര്ട്ടിന് പ്രക്കാട്ട് എന്ന കൂട്ടുകാരനെക്കുറിച്ചാണ്.
1983 first cut കണ്ട ശേഷം മാര്ട്ടിന് പറഞ്ഞു. നിനക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടും എന്ന്. പറഞ്ഞത് പോലെ എനിക്കും നിവിനും അനൂപ് മേനോനും സ്റ്റേറ്റ് അവാര്‍ഡും ഗോപി സുന്ദറിന് നാഷണല്‍ അവാര്‍ഡും കിട്ടി. വൈകാതെ മാര്ട്ടിന് ചാര്‍ളി ചെയ്ത് അവാര്‍ഡിന്റെ പെരുമഴ പെയ്യിച്ചു.
ഞങ്ങള്‍ രണ്ട് പേരും ആദ്യമായി അസ്സിസ്റ്റ് ചെയ്ത പടത്തിന്റെ പ്രൊഡ്യൂസര്‍ രഞ്ജിത്ത് സര്-ന് വേണ്ടി മാര്ട്ടിന് ചെയ്ത ‘നായാട്ട് ‘ ഇന്നാണ് കാണാന്‍ പറ്റിയത് നെറ്റ്ഫ്ളിക്സില്‍. പടം റിലീസ് ചെയ്ത സമയത്തു’ മഹാവീര്യര്‍ ‘പുതിയ ചിത്രത്തിന്റെ ഷൂട്ടില്‍ ആയിരുന്നു. നായാട്ട് കണ്ടപ്പോള്‍ ഒരു സ്ക്രിപ്റ്റിനെ കൈയൊതുക്കത്തോടെ, വൃത്തിയായി ഭംഗിയായി സംവിധാനം ചെയ്യാനുള്ള കൂട്ടുകാരന്റെ കഴിവ് കൂടി കൂടി വരുന്നത് കണ്ട് വീണ്ടും വീണ്ടും അഭിമാനം തോന്നി.
സന്തോഷം, നന്ദി…
Story highlights: Abrid Shine about the Nayattu movie and Martin Prakkat