സിനിമ ആസ്വാദകർക്ക് ആവേശം പകർന്ന് കർണൻ; ശ്രദ്ധനേടി വിഡിയോ

May 12, 2021
karnan

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് മാരി സെൽവരാജ്- ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കർണൻ. പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടിക്കൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയതും. ഏപ്രിൽ 9 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. എന്നാൽ കൊവിഡ് വ്യാപകമായ പശ്ചാത്തലത്തിൽ ചിത്രം മെയ് പതിനാല് മുതൽ ആമസോൺ പ്രൈമിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും.

നേരത്തെ അണിയറപ്രവർത്തകർ പങ്കുവെച്ച ചിത്രത്തിന്റെ മേക്കിങ് വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകൻ മാരി സെൽവരാജ് അഭിനേതാക്കൾക്ക് നൽകുന്ന നിർദ്ദേശങ്ങളും അദ്ദേഹത്തിന്റെ ദീർഘവീക്ഷണവുമാണ് വിഡിയോയിൽ കാണുന്നത്. സ്വന്തം ഗ്രാമത്തിനായി പോരാടുന്ന ഒരു സാമൂഹിക പോരാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. തമിഴ്‌നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവവും സംവിധായകൻ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read also:ഷൂട്ടിങ്ങിനായി ഒരുക്കിയ കിടക്കകളും സ്ട്രെച്ചറുകളും കൊവിഡ് രോഗബാധിതർക്ക് നൽകി ‘രാധേ ശ്യാം’ ടീം

ചിത്രത്തിൽ ധനുഷിന്റെ നായികയായി വേഷമിടുന്നത് മലയാളി താരം രജിഷ വിജയനാണ്. താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കർണൻ. നടൻ ലാലും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. തേനി ഈശ്വരനാണ് ഛായാഗ്രഹണം.

അതേസമയം പരിയേറും പെരുമാൾ എന്ന ചിത്രത്തിന് ശേഷം മാറി സെൽവരാജ് ഒരുക്കുന്ന ചിത്രമാണ് കർണൻ. തമിഴകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് പരിയേറും പെരുമാൾ. അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ രാഷ്ട്രീയമാണ് ചിത്രം പറഞ്ഞത്.

Story Highlights:Dhanush, Mari Selvaraj Karnan Making Video