‘പരിയേറും പെരുമാളി’ന് ശേഷം ‘കർണൻ’; മാരി സെൽവരാജ് ചിത്രം ആമസോൺ പ്രൈമിൽ
ധനുഷ്- മാരി സെൽവരാജ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം കർണൻ മെയ് പതിനാല് മുതൽ ആമസോൺ പ്രൈമിൽ. ഏപ്രിൽ 9 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. എന്നാൽ കൊവിഡ് വ്യാപകമായ പശ്ചാത്തലത്തിലാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസിനൊരുങ്ങുന്നത്.
പരിയേറും പെരുമാൾ എന്ന ചിത്രത്തിന് ശേഷം മാറി സെൽവരാജ് ഒരുക്കുന്ന ചിത്രമാണ് കർണൻ. ചിത്രത്തിൽ ധനുഷിന്റെ നായികയായി വേഷമിടുന്നത് മലയാളി താരം രജിഷ വിജയനാണ്. താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കർണൻ. നടൻ ലാലും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. തേനി ഈശ്വരനാണ് ഛായാഗ്രഹണം.
Read also:‘മഹാനടി’യുടെ മൂന്നു വർഷങ്ങൾ- ഓർമകൾ പങ്കുവെച്ച് കീർത്തി സുരേഷ്
സ്വന്തം ഗ്രാമത്തിനായി പോരാടുന്ന ഒരു സാമൂഹിക പോരാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. തമിഴ്‌നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവവും സംവിധായകൻ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രം തെലുങ്ക് റീമേക്കിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജനപ്രിയ തെലുങ്ക് നിർമ്മാതാവ് ബെല്ലംകൊണ്ട സുരേഷ് ‘കർണന്റെ’ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയെന്നാണ് സൂചന. ബെല്ലംകൊണ്ട സായ് ശ്രീനിവാസാണ് ചിത്രത്തിൽ ധനുഷിന്റെ വേഷത്തിൽ എത്തുന്നത്.
Story Highlights:karnan dhanush mari selvaraj film