ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം. കനത്ത മഴ തുടരുന്ന ഇടുക്കിയിൽ വ്യാപക നാശനഷ്ടമാണ്. ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച ഒൻപത് ജില്ലകളിൽ ഇടുക്കിയും ഉൾപ്പെടുന്നുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ച മറ്റു ജില്ലകൾ.
സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായ രീതിയിൽ നില്ക്കുന്ന മരങ്ങൾ ഉടമസ്ഥര്‍ മുറിച്ചു മാറ്റണമെന്ന നിർദേശവും കളക്ടർ നൽകിയിട്ടുണ്ട്. മാറ്റാത്തവയുണ്ടെങ്കില് ട്രീകമ്മറ്റി യോഗം ചേര്‍ന്ന് സ്വകാര്യ ഭൂമിയിലെ ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിനീക്കുന്നതിന് ഉടമസ്ഥര്‍ക്ക് പഞ്ചായത്തുകള്‍ നോട്ടീസ് നല്‍കും. എന്നിട്ടും മുറിച്ചു മാറ്റാതെ അപകടം സംഭവിക്കുകയാണെങ്കില്‍ ഭൂവുടമ അതിന് ഉത്തരവാദി ആയിരിക്കും എന്ന് കളക്ടർ അറിയിക്കുന്നു.
മെയ് 16ന് ഇടുക്കിയിൽ ഓറഞ്ച് അലേർട്ടും, മെയ് 17, 18, 19 തിയതികളിൽ യെല്ലോ അലേർട്ടുമാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Story highlights- night drive prohibited in idukki