‘ജീവതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യം’; ഡെന്നീസ് ജോസഫ് എഴുതിയ പവര്‍ സ്റ്റാറിന്റെ സ്‌ക്രിപ്റ്റിനെക്കുറിച്ച് ഒമര്‍ ലുലു

May 27, 2021
Omar Lulu about Dennis Joseph Power Star script

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. അടുത്തിടെ മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തെങ്കിലും ആ തൂലികയില്‍ വിരിഞ്ഞ ഒരു തിരക്കഥ ഇനിയും പ്രേക്ഷകരിലേക്കെത്താന്‍ ബാക്കിനില്‍പ്പുണ്ട്. ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പേ ഡെന്നീസ് ജോസഫ് എന്ന അതുല്യ കലാകാരന്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു. കഴിഞ്ഞ ദിവസം ഡെന്നീസ് ജോസഫിന്റെ വീട്ടില്‍ നിന്നും പവര്‍ സ്റ്റാറിന്റെ തിരക്കഥ ഒമര്‍ ലുലു വാങ്ങിയിരുന്നു.

‘ജീവതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ് ഡെന്നിസ്സേട്ടന്റെ ഒരു സ്‌ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകളും സൗഹൃദവും എല്ലാം’. എന്ന കുറിപ്പിനൊപ്പം സ്‌ക്രിപ്റ്റിന്റെ ആദ്യ പേജിന്റെ ചിത്രവും ഒമര്‍ ലുലു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഡെന്നീസ് ജോസഫ് അവസാനമായി എഴുതിയ തിരക്കഥയാണ് പവര്‍ സ്റ്റാറിന്റേത്.

Read more: വാതിൽതുറക്കൂ നീ കാലമേ; പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കാനെത്തിയ മാലാഖക്കുട്ടി, വിഡിയോ

ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ ബാബു ആന്റണിയാണ് പവര്‍ സ്റ്റാറിലെ നായകന്‍. അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസമായ റോബര്‍ട് പര്‍ഹാമും ചിത്രത്തില്‍ എത്തുന്നുണ്ട്. ഇതിനു പുറമെ ഹോളിവുഡ് താരം ലീയിസ് മാന്‍ഡിലറും ചിത്രത്തിന്റെ ഭാഗമായെത്തുന്നുണ്ട്. അഞ്ച് തവണ കിക്ക് ബോക്‌സിങില്‍ ലോകചാമ്പ്യനും നാല് തവണ സ്‌പോര്‍ട് കരാട്ടെ ചാമ്പ്യനുമായ റോബര്‍ട്ട് പര്‍ഹാം നടനും സംവിധായകനും നിര്‍മാതാവും എഴുത്തുകാരനും കൂടിയാണ്. മലയാളത്തിലെ നിരവധി ആക്ഷന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Story highlights: Omar Lulu about Dennis Joseph Power Star script