കേരളക്കരയിൽ നിന്ന് ഒരു ഇന്റർനാഷ്ണൽ സ്റ്റാർ ജനിച്ചേനെ; ബാബു ആന്റണിയെക്കുറിച്ച് സംവിധായകൻ

June 11, 2021

ആക്ഷൻ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയതാണ് ബാബു ആന്റണി. ആക്ഷൻ ഹീറോയെന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ബാബു ആന്റണിയെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. സംവിധായകൻ ഒമർ ലുലുവാണ് ബാബു ആന്റണിയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ബാബു ആന്റണിയെ ഉപയോഗിച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നുവെങ്കിൽ കേരളക്കരയിൽ നിന്ന് ഒരു ഇന്റർനാഷ്ണൽ സ്റ്റാർ ജനിച്ചേനെ എന്നാണ് ഒമർ ലുലു കുറിച്ചത്.

‘ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റിൽ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നു എങ്കിൽ പാൻ ഇന്ത്യയല്ലാ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ നിന്ന്.’-ഒമർ ലുലു കുറിച്ചു.

കഴിഞ്ഞ കുറച്ച് നാളുകളായി വെള്ളിത്തിരയിൽ നിന്നും വിട്ടുനിൽക്കുന്ന താരമിപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ബാബു ആന്റണിയെ പ്രധാന കഥാപാത്രമാക്കി ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് ‘പവർ സ്റ്റാർ’. ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാൻ, അബു സലിം എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാമും അഭിനയിക്കുന്നുണ്ട്. ഇവർക്ക് പുറമെ കന്നഡ താരം ശ്രേയസ് മഞ്ജുവും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read also:“കാശുമുടക്കില്ലാതെ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങള്‍ക്കകം തകര്‍ന്നു തവിടു പൊടിയായി”: അനുഭവം പങ്കുവെച്ച് ഓപ്പറേഷന്‍ ജാവ സംവിധായകന്‍

അടുത്തിടെ ഹോളിവുഡിലും താരം അഭിനയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്ത ബുള്ളറ്റ് ബ്ലേഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിച്ചത്. 1980 കളിൽ വില്ലനായും പിന്നീട് നായകനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് ബാബു ആന്റണി. വീണ്ടും വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുന്ന താരത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Story highlights: Omar lulu facebook post on Babu Antony