“പണ്ട് ഞാനും ശ്രീനിയും ദാസനും വിജയനിലും പറഞ്ഞുവെച്ച പ്രശ്‌നങ്ങള്‍ ഇന്നും അവസാനിയ്ക്കുന്നില്ല”; ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് സത്യന്‍ അന്തിക്കാട്
ചലച്ചിത്ര ലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കഥാപാത്രങ്ങളുടെ അഭിനയമികവും സംവിധാന വൈഭവവും തിരക്കഥയുടെ കെട്ടുറപ്പുമെല്ലാം ചിത്രത്തെ മികച്ചതാക്കുന്നു. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും സംവിധാനം നിര്‍വഹിച്ചതും. നിരവധിപ്പേരാണ് ഓപ്പറേഷന്‍ ജാവ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും.
നിരവധി സൂപ്പര്‍ ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചിത്രത്തെ പ്രശംസിച്ചു. ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍ തുണ്‍ മൂര്‍ത്തി ഈ പ്രശംസയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ ഒരു കുറിപ്പിലൂടെയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ പ്രതികരണത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍
‘എന്റെ അച്ഛന് ഏറെ ഇഷ്ടപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട് സാര്‍, അതുകൊണ്ടു തന്നെ പണ്ട് തിയേറ്ററില്‍ ഫാമിലിയായി കാണാന്‍ പോകുന്ന മിക്ക ചിത്രങ്ങളും സത്യന്‍ സാറിന്റെയാകും. ഇന്ന് യാദൃശ്ചികമായി സാറിന്റെ ഒരു ഫോണ്‍ കോള്‍ വന്നു, ജാവ തിയേറ്ററില്‍ കാണാന്‍ പറ്റിയില്ല എന്ന ക്ഷമാപണത്തോടെ തുടക്കം, ഒറ്റ വാക്കില്‍ അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചു. ജീവനുള്ള സിനിമ…
പണ്ട് ഞാനും ശ്രീനിയും ദാസനും വിജയനിലും പറഞ്ഞു വെച്ച പ്രശ്‌നങ്ങള്‍ ഒന്നും ഇന്നും അവസാനിയ്ക്കുന്നില്ല അല്ലേ?
സാധാരണക്കാരന്റെ സിനിമയെന്ന് തോന്നിപ്പിയ്ക്കുന്ന കഥ പറച്ചില്‍ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്,
നല്ല മനോഹരമായി തന്നെ നീ ആ കഥയില്‍ ജീവിതം പറഞ്ഞിട്ടുണ്ട്, പ്രേക്ഷകന്‍ തന്റെ ജീവിതമാണ് കാണുന്നത് എന്ന് തോന്നുന്ന കഥ പറച്ചില്‍ നിനക്ക് കൈമോശം വരാതെയിരിയ്ക്കട്ടെ..
പണ്ട് അദ്ദേഹത്തോട് പത്മരാജന്‍ പറഞ്ഞ വാചകമുണ്ട് തന്റെ സിനിമയില്‍ എല്ലാരും നായകന്മാര്‍ ആണ്, അഭിനേതാക്കള്‍ എന്ത് അനായാസതയോടെയാണ് അഭിനയിയ്ക്കുന്നത്. അത് തന്നെയാണ് തരുണിനോടും എനിയ്ക്ക് പറയാന്‍ ഉള്ളത്…
തുടരുക…
അതെ തുടരണം… ഇപ്പോള്‍ ചിന്തിയ്ക്കുന്ന ഓരോ ചിന്തയ്ക്കും എന്തൊരു ഭാരമാണ്…
Story highlights: Sathyan Anthikad response about Operation Java movie