നൃത്ത വിദ്യാർത്ഥികൾക്കൊപ്പം മനോഹര ചുവടുകളുമായി ശോഭന- വിഡിയോ

May 3, 2021

അഭിനേത്രിയാണെങ്കിലും ആത്മാവിൽ നിറയെ നൃത്തം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ശോഭന. എന്തിനെയും നൃത്തത്തിലൂടെ പ്രകടിപ്പിക്കാനാണ് ശോഭന ശ്രമിക്കാറുള്ളത്. പ്രസിദ്ധ നർത്തകിമാരും നടിമാരുമായ തിരുവിതാംകൂർ സഹോദരിമരുടെ നൃത്തം ശോഭനയുടെ അസ്തിത്വത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് നൃത്തത്തിലൂടെ ശോഭന ലോകത്തോട് സംവദിച്ചു.

കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി ചെന്നൈയിൽ തിരക്കിലാണ് ശോഭന. സിനിമയിൽ നിന്നും അകന്നു നിന്ന നാളുകളിൽ പോലും നൃത്തം കൈവിട്ടില്ല താരം. ഇപ്പോഴിതാ, കലാർപ്പണയിലെ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവയ്ക്കുകയാണ് ശോഭന. നടി തന്നെയാണ് വിഡിയോ പങ്കുവെച്ചത്.

ലോക്ക് ഡൗൺ എല്ലാവരെയും തളർത്തിയപ്പോൾ നൃത്തത്തിലൂടെ സജീവമാകുകയായിരുന്നു ശോഭന. ദൈനംദിന ജോലികളിൽ പോലും നൃത്തം ഉൾപ്പെടുത്തുകയും അതുവഴി സന്തോഷം കണ്ടെത്തുകയുമായിരുന്നു താരം. തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ മരുമകളായ ശോഭന അവരുടെ പാത പിന്തുടർന്ന് നൃത്തത്തിലേക്കും അഭിനയത്തിലേക്കുമാണ് എത്തിയത്. ചിത്ര വിശ്വേശ്വരൻ, പത്മ സുബ്രഹ്മണ്യം എന്നിവരുടെ കീഴിലാണ് ശോഭന പരിശീലനം നേടിയത്.

Read More: സോളമന്റെയും ശോശന്നയുടെയും പാട്ട് യുക്കുലേലെയിൽ താളമിട്ടുപാടി അഹാന- വിഡിയോ

അഭിമുഖങ്ങളോട് പോലും അകലം പാലിച്ചിരുന്ന ശോഭന ലോക്ക് ഡൗൺ കാലത്താണ് സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്. ഇടവേളകളിൽ മാത്രം സിനിമയിലേക്ക് മടങ്ങിയെത്തുന്ന താരം ഏറ്റവുമൊടുവിൽ വേഷമിട്ടത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ്. അതേസമയം,  നൃത്ത പരിശീലനത്തിന്റെയും യാത്രകളുടെ പഴയ ഓർമ്മകളും നൃത്ത പരിപാടികളുടേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും ശോഭന ആരാധാകർക്കായി പങ്കുവയ്ക്കാറുണ്ട്.

Story highlights- shobana dancing with her students