വിസ്മയിപ്പിക്കാൻ സായ് പല്ലവി -‘ശ്യാം സിംഗ റോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

May 10, 2021

നൃത്തവേദിയിൽ നിന്നും സിനിമാലോകത്തേക്ക് എത്തിയ നടിയാണ് സായ് പല്ലവി. ആദ്യ ചിത്രമായ പ്രേമം ഹിറ്റായതോടെ മലർ മിസ് എന്ന കഥാപത്രമായി എത്തിയ സായ് പല്ലവി തെന്നിന്ത്യയിൽ സജീവമായി. നൃത്തത്തിലെ മെയ്‌വഴക്കം പിന്നീട് സായ് പല്ലവി അഭിനയിച്ച ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കും. ഇപ്പോഴിതാ, പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ ശ്രദ്ധേയമാകുകയാണ്. സായ് പല്ലവി പ്രധാന വേഷത്തിൽ എത്തുന്ന ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ത്രിശൂലം കയ്യിൽ പിടിച്ച് ദേവിയുടെ രൂപത്തിലാണ് ഫസ്റ്റ് ലുക്കിൽ സായ് പല്ലവിയുള്ളത്. മനോഹരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി താരങ്ങളും പങ്കുവെച്ചു. കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ എന്നിങ്ങനെ സിനിമാ സുഹൃത്തുക്കളെല്ലാം സായ് പല്ലവിയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പിറന്നാൾ നേർന്നു. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഒരു പീരിയഡ് ചിത്രമാണ് ശ്യാം സിംഗ റോയ്. സിനിമയിൽ സായി പല്ലവിക്കൊപ്പം നാനി ഒരു ബംഗാളി കഥാപാത്രമായി എത്തുന്നു. ഹൈദരാബാദിൽ 10 ഏക്കർ സ്ഥലത്ത് കൊൽക്കത്തയുമായി സാമ്യമുള്ള ഒരു വലിയ സെറ്റ് സ്ഥാപിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കലാസംവിധായകൻ അവിനാശ് കൊല്ലയാണ് സെറ്റ് ഒരുക്കിയത്.

Read More: മീനാക്ഷിയുടെ നടപ്പിന് രസികന്‍ അനുകരണവുമായി എം ജി ശ്രീകുമാര്‍: വിഡിയോ

സത്യദേവ് ജംഗയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ, ജിഷു സെൻഗുപ്ത, രാഹുൽ രവീന്ദ്രൻ, മുരളി ശർമ, അഭിനവ് ഗോമാതം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകൻ മിക്കി ജെ മേയർ, ഛായാഗ്രാഹകൻ സാനു ജോൺ വർഗ്ഗീസ്, എഡിറ്റർ നവീൻ നൂലി എന്നിവരാണ് ശ്യാം സിംഗ റോയിയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്.

Story highlights- Shyam Singha Roy first-look poster