മലയാളത്തിൽ ഒരുങ്ങിയ ഏറ്റവും പുതിയ ആന്തോളജി ചിത്രം ‘ആണും പെണ്ണും’ ഇന്ന് മുതൽ പ്രേക്ഷകരിലേക്ക്

June 30, 2021

മലയാളത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ആന്തോളജി ചിത്രമാണ് ആണും പെണ്ണും. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ അടങ്ങിയിട്ടുള്ള ആന്തോളജി ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തതുമുതൽ സിനിമാ പ്രേമികളിൽ ആവേശം ജനിപ്പിച്ചിരുന്നു. മാർച്ച് 26 മുതൽ തിയേറ്ററിൽ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോണ്‍ പ്രൈമിനൊപ്പം കൂടെ എന്ന പ്ലാറ്റ്ഫോമിലും ചിത്രം ഇന്ന് മുതൽ സ്ട്രീം ചെയ്യും.

ആഷിഖ് അബു, വേണു, ജയ് കെ തുടങ്ങിയവരാണ് ചിത്രങ്ങൾ സംവിധാനം നിര്‍വഹിക്കുന്നത്. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി, റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, സംയുക്താ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രങ്ങളിൽ അഭിനയിക്കുന്നത്.

മൂന്ന് ഹ്രസ്വ ചിത്രങ്ങളാണ് ആണും പെണ്ണിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥയെ ആസ്പദമാക്കി ഛായാഗ്രാഹകന്‍ വേണു ഒരുക്കുന്ന ചിത്രത്തിൽ പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്.

റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്നതാണ് മറ്റൊരു ചിത്രം. ചിത്രത്തിൽ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read also:വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഗ്രീറ്റിങ് കാർഡുകളൊരുക്കി ഒരു യുവതി; ലക്ഷ്യം പ്രകൃതി സംരക്ഷണത്തിനൊപ്പം വരുമാനവും

ജോജു ജോര്‍ജ്, സംയുക്താ മേനോൻ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന മറ്റൊരു ചിത്രവും ഒരുങ്ങുന്നുണ്ട്. ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എന്നിവരാണ് എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നു. സി.കെ പദ്മകുമാര്‍, എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മാണം.

Story Highlights: aanum pennum ott-release-on-amazon-prime