മോഹന്‍ലാലിന്റെ ‘ആറാട്ട്’ ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

June 15, 2021
Aaraattu movie release date announced

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ആറാട്ട്. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ഒക്ടോബര്‍ 14 ന് ആറാട്ട് പ്രേക്ഷകരിലേക്കെത്തുമെന്ന് സംവിധായകന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും.

ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.

Read more: ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടില്‍ താമസം; എങ്കിലും എന്നും തെരുവിന്റെ മക്കള്‍ക്ക് ഇവിടെ നിന്നും പൊതിച്ചോറുണ്ട്

അതേസമയം മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഒരു ആകര്‍ഷണമാണ്. 2255 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. ടീസറിലും ഈ കാര്‍ ഇടം പിടിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന താരത്തിന്റെ മാസ് ഡയലോഗിനേയും ഈ നമ്പര്‍ ഓര്‍മപ്പെടുത്തുന്നു.

ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട് ചിത്രത്തില്‍ എന്നാണ് സൂചന.

Story highlights: Aaraattu movie release date announced