സത്താറിന് ശേഷം തമിഴിൽ തിളങ്ങാൻ കാളിദാസ് ജയറാം; പുതിയ ചിത്രം കൃതിക ഉദയനിധിക്കൊപ്പം

June 8, 2021

ബാലതാരമായി വന്ന് സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയതാണ് കാളിദാസ് ജയറാം. ബാലതാരത്തിൽ നിന്നും നായകനായി കാളിദാസ് എത്തിയപ്പോഴും പ്രേക്ഷകർ താരത്തെ നെഞ്ചിലേറ്റി. കുറഞ്ഞ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ആസ്വാദകർക്കും സുപരിചിതനായി മാറിക്കഴിഞ്ഞു കാളിദാസ്. പാവ കഥൈകൾ, പുത്തം പുതു കാലൈ എന്നീ സിനിമകൾക്ക് ശേഷം വീണ്ടും തമിഴിൽ പുതിയ ചിത്രവുമായി എത്തുകയാണ് കാളിദാസ്.

റൈസ് ഈസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രം ട്വിറ്റർ സ്‌പെയ്‌സസ് വഴിയാണ് അനൗൺസ് ചെയ്തത്. താന്യ രവിചന്ദർ ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. അതേസമയം ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് തിമിരു പിടിച്ചവൻ, സമർ, കാളി, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഛായാഗ്രാഹകൻ റീചാർഡ് എം നാഥനാണ്.

Read also:കടലിനെ കരയാക്കി ഐസ് പാളികൾ; അപൂർവ്വ അനുഭവം ഒരുക്കി ഐസ് ശില്പങ്ങളും..

അതേസമയം തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ തങ്കം എന്ന ഹ്രസ്വ ചിത്രത്തിലെ സത്താർ എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് കാളിദാസ് ജയറാം.

ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു കാളിദാസ്. കാളിദാസ്, നമിത പ്രമോദ് എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിനിൽ വർഗീസ് ആണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്നത്.

Read also: അത്ഭുതമായി വേരിൽ ഒരുങ്ങിയ പാലം; ലിവിങ് റൂട്ട് ബ്രിഡ്ജിലൂടെ ദിവസേന സഞ്ചരിക്കുന്നത് ആയിരക്കണക്കിന് ആളുകൾ

സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ കാളിദാസ് നായകനായി എത്തിയത്.

Story Highlights:kalidas jayaram krithika udhayanidhi joins together