നകുലനും ഗംഗയുമല്ല, മേജറും നീനയും; ശ്രദ്ധനേടി ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ ‘ഗംഗേ’ സീൻ
മലയാള സിനിമ ആസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് സുരേഷ് ഗോപിയും ശോഭനയും… നകുലനും ഗംഗയുമായി മണിച്ചിത്രത്താഴിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ഇരുവരും വർഷങ്ങൾക്ക് ശേഷം അനൂപ് സത്യൻ ചിത്രം വരനെ ആവശ്യമുണ്ട്- ലൂടെ വീണ്ടും വെള്ളിത്തിരയിൽ എത്തി. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിലെ രസകരമായൊരു രംഗമായിരുന്നു ‘ഗംഗേ’ എന്ന് സുരേഷ് ഗോപി വിളിക്കുന്നതും ഇതിന് ഞെട്ടുന്ന ശോഭനയും ഉൾക്കൊള്ളുന്ന ഭാഗം. ഇപ്പോഴിതാ ആ രംഗത്തിലെ ഒരു കൗതുകം പങ്കുവയ്ക്കുകയാണ് സംവിധായകൻ അനൂപ് സത്യൻ.
മണിച്ചിത്രത്താഴിലൂടെ മലയാളികൾ ഏറ്റെടുത്ത ഈ ഭാഗം രസകരമായ രീതിയിൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ വീണ്ടും പുനരവതരിപ്പിച്ചിരിക്കുകയാണ്. മണിച്ചിത്രത്താഴിൽ ഗംഗ കട്ടിൽ ഉയർത്തിപ്പിടിച്ച് നിൽക്കുന്നതും നകുലൻ ‘ഗംഗേ’ എന്ന് വിളിക്കുമ്പോൾ കട്ടിൽ താഴേക്ക് വിടുന്നതുമാണ് സീനിൽ ഉള്ളത്. എന്നാൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശോഭനയുടെ കഥാപാത്രം കൈയിൽ മൊബൈൽ ഫോൺ പിടിച്ചുകൊണ്ടിരിക്കുന്നതും മേജർ ഗംഗേ എന്ന് വിളിക്കുമ്പോൾ ശോഭനയുടെ കൈയിൽ നിന്നും ഫോൺ താഴേക്ക് വീഴുന്നതുമാണ് ചിത്രത്തിൽ ഉള്ളത്.
സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ കല്യാണി പ്രിയദർശൻ തുടങ്ങി വമ്പൻ താരനിരകൾ ഒന്നിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്ത ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. നര്‍മ്മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.
Story highlights:Making of ‘Gange’ Scene Varane Avashyamund