മണിച്ചിത്രത്താഴിലെ ഡിലീറ്റഡ് രംഗം; ചിരിനിറച്ച് ഒരു വിഡിയോ
സോഷ്യൽ മീഡിയ ജനപ്രിയമായിട്ട് കാലം കുറച്ചായി…രസകരമായ ചിത്രങ്ങളും വിഡിയോകളും സിനിമ വിശേഷങ്ങളുമടക്കം സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. കൗതുകവും ചിരിയും നിറയ്ക്കുന്ന സ്പൂഫ് വിഡിയോകൾക്കും കാഴ്ചക്കാർ നിരവധിയാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം മണിച്ചിത്രത്താഴിലെ ഓരോ രംഗങ്ങളും സോഷ്യൽ മീഡിയിൽ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് മണിച്ചിത്രത്താഴ് സിനിമയിലെ ഡിലീറ്റഡ് സീൻ എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു രസകരമായ വിഡിയോ.
നകുലന് ഗംഗ വിഷം നൽകാൻ തുടങ്ങുന്നതും, ശ്രീദേവിയെ മുറിയിൽ പൂട്ടിയിടുന്നതും തുടർന്ന് ഗംഗയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സണ്ണി സൈക്കിളിൽ ഏവൂരിലേക്ക് പോകുന്ന രംഗങ്ങളുമടക്കം സിനിമയിലെ ചില ഭാഗങ്ങൾ പുറത്തുനിന്നുള്ള രണ്ടുപേർ നോക്കികാണുന്നതാണ് വിഡിയോയിൽ ഉള്ളത്. പ്രജിത്ത്, ദീപു തുടങ്ങിയവരാണ് ഈ വിഡിയോയ്ക്ക് പിന്നിൽ.
അതേസമയം, മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. നടന വിസ്മയം മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം..
എത്രകണ്ടാലും മതിവരാത്ത, ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നാഗവല്ലിയെയും, നകുലനെയും, സണ്ണിയെയും മാത്രമല്ല… ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ നിന്ന് മറക്കാനാവില്ല. ചിത്രത്തിലെ ഓരോ ഡയലോഗുകളും പാട്ടുകളും സമൂഹമാധ്യമങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്.
Read also: ‘കൊലയാളി ബുദ്ധിമാനായിരിക്കാം പക്ഷെ അയാൾക്കിനി അധികദൂരം ഓടാനാകില്ല…’, കോൾഡ് കേസിൽ പൊലീസ് ഓഫീസറായി പൃഥ്വിരാജും അനിൽ നെടുമങ്ങാടും
ഫാസിലിന്‍റെ സംവിധാനത്തില്‍ 1993 ഡിസംബര്‍ 23-നാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ശോഭനയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തിന് ശേഷം നിരവധി ഭാഷകളിലും ചിത്രം ഒരുക്കി.
Story Highlights:Manichithrathazhu spoof video