കാലവർഷം ഇന്നെത്തിയേക്കും; നാലു ജില്ലകളിൽ യെല്ലോ അലേർട്ട്

June 3, 2021
rain alert

കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്നെത്തിയേക്കും. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ഈ ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. ഇന്ന് കന്യാകുമാരി തീരത്തും ശ്രീലങ്കൻ തീരത്തും മണിക്കൂറിൽ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കേരള തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും തെക്കന്‍ തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കാലവര്‍ഷമെത്തുന്നതിന്റെ സൂചനകള്‍ രൂപപ്പെടാത്തതിനാല്‍ മഴ ഇന്നുണ്ടാകില്ലെന്നും കാലാവസ്ഥാ വിദഗ്ദരുടെ അഭിപ്രായമുണ്ട്.

Story highlights- monsoon updates