വഴക്കിട്ട് പിണങ്ങി തങ്കക്കൊലുസ്; മക്കളുടെ പിണക്കം മാറ്റുന്ന വിദ്യ പങ്കുവെച്ച് സാന്ദ്ര തോമസ്

June 2, 2021

സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ് സാന്ദ്ര തോമസിന്റെ മക്കളായ തങ്കക്കൊലുസ്. ഇരട്ടകുട്ടികളായ ഇവർ മണ്ണിലും ചെളിയിലും മഴയിലും ചെറുപ്പകാലം ആഘോഷമാക്കുകയാണ്. ഈ തലമുറയിലെ കുട്ടികൾക്ക് അന്യമാകുന്ന നന്മയെല്ലാം സാന്ദ്ര തോമസ് മക്കളിലേക്ക് പകർന്നു നൽകുകയാണ്. മക്കളെ പ്രകൃതിയോടിണക്കി വളർത്തുന്ന സാന്ദ്രയ്ക്ക് പ്രശംസയറിയിച്ച് ഒട്ടേറെ ആളുകളുമെത്തി. ഉമ്മുക്കൊൽസു, ഉമ്മിണിത്തങ്ക എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.

ഇപ്പോഴിതാ, ഇവരുടെ പിണക്കം മാറ്റുന്ന രസകരമായ വിഡിയോയാണ് സാന്ദ്ര തോമസ് പങ്കുവയ്ക്കുന്നത്. ഉമ്മിണിത്തങ്കയോട് പിണങ്ങി മാറി നിന്ന് കരയുകയാണ് ഉമ്മുക്കൊൽസു. തങ്കത്തിനോട് സോറി പറയാൻ സാന്ദ്ര ആവശ്യപ്പെടുമ്പോൾ ഇല്ല എന്ന് പറഞ്ഞ് വാശിയിൽ വീണ്ടും കരയുന്നു കൊൽസു. എങ്കിൽ ഇനി വിജയ് പാട്ടൊന്നും വെക്കില്ല എന്ന് തങ്കവും പറയുന്നു. വിജയ്‌യുടെ കാര്യം പറഞ്ഞതോടെ കൊൽസു പിണക്കവും മറന്നു. രസകരമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

തങ്കക്കൊലുസെന്ന് വിളിപ്പേരുള്ള ഈ മിടുക്കികൾ, മറ്റു കുട്ടികൾക്ക് നഷ്ടമാകുന്ന ഒട്ടേറെ സൗഭാഗ്യങ്ങൾ സ്വന്തമാക്കിയവരാണ്. ഇന്നത്തെ ബാല്യം സ്മാർട്ട് ഫോണുകളിലേക്ക് ചേക്കേറുമ്പോൾ തങ്കക്കൊലുസുകൾ പാടത്തും പറമ്പിലും മഴയും മണ്ണുമറിഞ്ഞ് വളരുകയാണ്. 

Read More: ഉയരങ്ങള്‍ കീഴടക്കാന്‍ കാഴ്ച വേണമെന്നില്ല, ഉള്‍ക്കാഴ്ച മതി; എവറസ്റ്റ് കീഴടക്കിയ അന്ധനായ ഷ്യാങ് ഹോങ്

ഗ്രാമീണതയുടെ വിശുദ്ധിയും, മണ്ണിനെ അറിഞ്ഞുള്ള ജീവിതവും ഉമ്മുക്കൊൽസു, ഉമ്മിണിത്തങ്ക എന്നീ പെൺകുട്ടികളെ വേറിട്ടുനിർത്തുകയാണ്. ലോക്ക് ഡൗൺ കാലം പൂർണമായും സാന്ദ്രയുടെ മക്കൾ തൊടിയിലും ചെളിയിലുമൊക്കെയായി ആഘോഷമാക്കി.  ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ എന്നാണ് സാന്ദ്ര മക്കളെക്കുറിച്ച് പറയുന്നത്. കുട്ടികളെ ഇതുപോലെ വളർത്താൻ പ്രചോദനമായത് മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണെന്നും പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ് തനിക്ക് ആവശ്യമെന്നും മക്കളുടെ വീഡിയോ പങ്കുവെച്ച് സാന്ദ്ര തോമസ് കുറിച്ചിരുന്നു.

Story highlights- sandra thomas daughter’s funny video