ഗോള്‍പോസ്റ്റിനരികെ അമാനുഷികനായി മാറി, നിസ്സാരക്കാരനല്ല അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ്സ്

July 7, 2021
Emiliano Martinez penalty save in semi-final Argentina vs Columbia match

എമിലിയാനോ മാര്‍ട്ടിനെസ്സ്… ആ പേര് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ മുഴങ്ങുകയാണ്. അര്‍ജന്റീനയെ കോപ്പ അമേരിക്കയുടെ ഫൈനലിലേക്ക് എത്തിക്കുന്നതില്‍ എമിലിയാനോ മാര്‍ട്ടിനെസ്സ് വഹിച്ച പങ്ക് ചെറുതല്ല. ഫുട്‌ബോള്‍ ആരാധകരുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫിലുകളിലുമെല്ലാം നിറയുകയാണ് അര്‍ജന്റീനയുടെ ഗോള്‍കീപ്പറായ എമിലിയാനോ മാര്‍ട്ടിനെസ്സിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം.

കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ കൊളംബിയക്കെതിരെയായിരുന്നു അര്‍ജന്റീനയുടെ പോരാട്ടം. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിച്ചപ്പോഴും ഇരു ടീമുകളും ഒരു ഗോളിന് സമനിലയില്‍. റഫറി പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് വിസില്‍ മുഴക്കിയപ്പോള്‍ ഒരു പക്ഷെ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയും സമ്മര്‍ദ്ദത്തിലായിരുന്നേക്കാം. എന്നാല്‍ ആ സമ്മര്‍ദ്ദങ്ങളെ ശക്തമായി മറികടക്കാന്‍ എമിലിയാനോ മാര്‍ട്ടിനെസ്സ് എന്ന ഗോള്‍കീപ്പര്‍ക്ക് സാധിച്ചു. അദ്ദേഹത്തിന്റെ ഗംഭീരമായ മൂന്ന് സേവുകള്‍ ഫുട്‌ബോള്‍ ലോകം ഒരു പക്ഷെ എന്നും ഓര്‍മിക്കും.

Read more: അഥിതി വേഷത്തില്‍ വെള്ളിത്തിരയിലും മുഖം കാണിച്ച വൈക്കം മുഹമ്മദ് ബഷീര്‍: ആ രംഗം ഇതാ

28 വയസ്സുകാരനായ എമിലിയാനോ മാര്‍ട്ടിനെസ്സ് ഗോള്‍പോസ്റ്റില്‍ പല സന്ദര്‍ഭങ്ങളിലും ഒരു അമാനുഷികനായി മാറുകയായിരുന്നു എന്നു വേണം പറയാന്‍. അത്രയ്ക്കും ഗംഭീരമായാണ് അദ്ദേഹം കൊളംബിയ തൊടുത്തുവിട്ട പന്ത് പുറത്തേക്ക് വഴിതിരിച്ചു വിട്ടത്. എമിലിയാനോ മാര്‍ട്ടിനെസ്സിന്റെ കൃത്യമായ ദീര്‍ഘവീക്ഷണവും വേഗതയും എല്ലാം അര്‍ജന്റീനയ്ക്ക് തുണയായി.

ഇനി വരാനിരിക്കുന്ന കോപ്പ അമേരിക്കയുടെ ഫൈനല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് എക്കാലത്തേയും സ്വപ്‌നഫൈനല്‍ കൂടിയാണ്. ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ തെളിയുന്ന ടീമുകളായ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ നേര്‍ക്കുനേര്‍ പേരാട്ടത്തിനൊരുങ്ങുകയാണ്. ജൂലൈ 11 ന് പുലര്‍ച്ചെ 5.30 നാണ് സ്വപ്‌നഫൈനല്‍.

Story highlights: Emiliano Martinez penalty save in semi-final Argentina vs Columbia match