സ്വപ്‌നസാഫല്യം..! അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലെത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും

January 19, 2024

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടുമെന്ന കാര്യം ഉറപ്പിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. 2025 ഒക്ടോബര്‍ മാസത്തില്‍ കേരളത്തിലെത്തുന്ന മെസിയും സംഘവും രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയ ശേഷമാണ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഇക്കാര്യം പങ്കുവച്ചത്. ( Argentina will play friendly match in kerala V Abdurahiman )

ഈ വര്‍ഷം ജൂണില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മഴക്കാലമായതിനാല്‍ പ്രയാസം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് രണ്ട് സൗഹൃദ മത്സരങ്ങള്‍ മാറ്റിയത്.

കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേരത്തേ അറിയിച്ചിരുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.

ഇതോടെയാണ് അര്‍ജന്റീന ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയത്. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു. 2022-ലെ ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു.

കായിക മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരില്‍ സൃഷ്ടിച്ച നിരാശയാണ് അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ പ്രേരകമായത്. ഖത്തര്‍ ലോകകപ്പ് സമയത്ത് കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ക്ഷണം അവര്‍ സ്വീകരിച്ചു.

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തില്‍ അര്‍ജന്റിനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അര്‍ജന്റിന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഇന്ന് നടന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. അര്‍ജന്റിന കേരളവുമായി ഫുട്‌ബോള്‍ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുള്ള താത്പര്യവും അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

Read Also : “കരയണം, ചോര വീഴണം”; ലിജോ മാജിക്കിൽ വിസ്മയിപ്പിച്ച് മലൈക്കോട്ടൈ വാലിബൻ ട്രെയ്‌ലർ!

അര്‍ജന്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണില്‍ കളിക്കാന്‍ എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍, ആ സമയം മണ്‍സൂണ്‍ സീസണായതിനാല്‍ പ്രയാസം അറിയിച്ചു. തുടര്‍ന്ന് 2025 ഒക്ടോബറില്‍ കളിക്കാന്‍ സന്നദ്ധത അര്‍ജന്റീന അറിയിച്ചു. ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്‍കാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങള്‍ക്കുള്ള വലിയ പ്രചോദനവുമാകും അര്‍ജന്റിന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാര്‍ത്ത വന്നപ്പോള്‍ മുതല്‍ നമ്മുടെ ആളുകള്‍ പ്രകടിപ്പിക്കുന്ന ആവേശവും മുന്നോട്ട് പോകുവാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. അര്‍ജന്റീന ദേശീയ ടീമിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ്, കെ എഫ് എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാന്‍ അടക്കമുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Story highlights : Argentina will play friendly match in kerala V Abdurahiman